റിയാദ്: മലയാളി വിസ ഏജന്റിന്റെ കെണിയിൽ പെട്ട് തമിഴ് നാട് സ്വദേശി അമാസി സൗദി മരുഭൂമിയിൽ ആടുജീവിതം നയിച്ചത് ഒന്നര വർഷം.
പൂന്തോട്ട പരിപാലന ജോലിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു മലയാളി എജന്റ് അമ്മാസിയെ ചതിച്ചത്.
മലയാളി എജന്റ് നൽകിയ വിസയിൽ ഒന്നര വർഷം മുമ്പ് സൗദിയിലെത്തിയ അമ്മാസിയെ സ്പോൺസർ റിയാദിൽ നിന്ന് 400 കിലോമീറ്ററിലധികം ദൂരമുള്ള ഒരു മരുഭൂമിയിൽ ആടുകളെ മേക്കുന്ന ജോലിയാണ് ഏൽപ്പിച്ചത്.
ജോലി സ്ഥലത്തെ സ്പോൺസറുടെ ഉപദ്രവവും ജോലി ഭാരവും കൂടി ആയപ്പോൾ അമ്മാസിയുടെ കുടുംബം ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് എംബസി ചുമതലപ്പെടുത്തിയതിനെത്തുടർന്ന് മലയാളി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വുർ പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ നിരന്തര ഇടപെടലുകൾ അമ്മാസിക്ക് നാട്ടിലേക്ക് പോകാനുള്ള വഴി തുറക്കുകയായിരുന്നു.
അമ്മാസി കഴിഞ്ഞ ദിവസം ബുറൈദ എയർപോർട്ട് വഴി നാടണയുന്നത് വരെയുള്ള വിവിധ ശ്രമങ്ങൾക്ക് ഫൈസൽ, അസ്കർ, യൂസുഫ്, സന്തോഷ് ബഷീർ, അലി എന്നിവരും വിവിധ ഘട്ടങ്ങളിൽ ഭാഗമായിട്ടുണ്ട്.