ദുബായ് – ദുബായ് മെട്രോ ബ്ലൂ ലൈന്‍ പദ്ധതി കരാര്‍ ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മൂന്ന് തുര്‍ക്കി, ചൈനീസ് കമ്പനികള്‍ അടങ്ങിയ കണ്‍സോര്‍ഷ്യത്തിന് നല്കി. 30 കിലോമീറ്റര്‍ നീളവും 14 സ്റ്റേഷനുകളുമുള്ള ബ്ലൂ ലൈന്‍ പദ്ധതി കരാര്‍ 560 കോടി ഡോളറിനാണ് (2,050 കോടി ദിര്‍ഹം) മാപ, ലിമാക്, സി.ആര്.ആര്.സി എന്നിവ അടങ്ങിയ കണ്‍സോര്‍ഷ്യത്തിന് അനുവദിച്ചത്. 20 മിനിറ്റ് യാത്രയില്‍ 80 ശതമാനത്തിലധികം സേവനങ്ങള്‍ ലഭ്യമാക്കി ദുബായ് ഇക്കണോമിക് അജണ്ട ഡി-33, ദുബായ് അര്‍ബന്‍ പ്ലാന്‍ 2040 എന്നിവയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പുതിയ ലൈന്‍ സഹായിക്കുമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതര്‍ അല്‍തായര്‍ പറഞ്ഞു.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍, മെട്രോ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വൈദഗ്ധ്യം നേടിയ 15 അന്താരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടുന്ന അഞ്ച് കണ്‍സോര്‍ഷ്യങ്ങള്‍ പങ്കെടുത്ത ആഗോള ടെണ്ടറിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. ഈ കണ്‍സോര്‍ഷ്യങ്ങള്‍ സാമ്പത്തിക, സാങ്കേതിക ഓഫറുകള്‍ സമര്‍പ്പിച്ചു. ഇക്കൂട്ടത്തില്‍ മൂന്നു കണ്‍സോര്‍ഷ്യങ്ങള്‍ അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടി. ടെണ്ടര്‍ മൂല്യനിര്‍ണയ പ്രക്രിയക്കു ശേഷം പദ്ധതി കരാര്‍ തുര്‍ക്കിഷ് കമ്പനി മാപയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് (മാപ, ലിമാക്, സി.ആര്.ആര്.സി) നല്കി. മാപ, ലിമാക് കമ്പനികള്‍ സിവില്‍ ജോലികള്‍ ഏറ്റെടുക്കും. സി.ആര്.ആര്.സി സിസ്റ്റം ജോലികള്‍ നടപ്പാക്കും.
ബ്ലൂ ലൈനിന് 30 കിലോമീറ്റര്‍ നീളമുണ്ടാകും. ഇതില്‍ 15.5 കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെയും 14.5 കിലോമീറ്റര്‍ ഭൂമിക്ക് മുകളിലൂടെയുമാകും. ബ്ലൂ ലൈനില്‍ ആകെ 14 സ്റ്റേഷനുകളാണുണ്ടാവുക. ഗ്രീന്‍ ലൈനിലെ അല്‍ഖോര്‍, റെഡ് ലൈനിലെ സെന്റര്‍ പോയിന്റ്, ഇന്റര്‍നാഷണല്‍ സിറ്റി (1) എന്നീ മൂന്നു സ്റ്റേഷനുകള്‍ ബ്ലൂ ലൈനില്‍ ട്രാന്‍സിറ്റ് സ്റ്റേഷനുകളാകും. ബ്ലൂ ലൈനില്‍ ദുബായ് ക്രീക്ക് ഹാര്‍ബര്‍ ഏരിയയില്‍ ഒരു ഐക്കണിക് സ്റ്റേഷന് നിര്‍മിക്കും. ദുബായ് ക്രീക്കിന് മുകളിലൂടെ കടന്നുപോകുന്ന ആദ്യ മെട്രോ പാതയാണ് ബ്ലൂ ലൈന്‍. 1300 മീറ്റര്‍ നീളമുള്ള പാലത്തിലൂടെയാണ് ദുബായ് ക്രീക്കിനു മുകളിലൂടെ ബ്ലൂ ലൈന്‍ കടന്നുപോവുക.
ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകള്‍ തമ്മിലുള്ള ബന്ധവും സംയോജനവും പുതിയ പാത കൈവരിക്കുന്നു. ലോകത്തിലെ ഏതൊരു നഗരത്തിന്റെയും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്കുള്ള പ്രധാന ചാലകശക്തിയാണ് പശ്ചാത്തല സൗകര്യങ്ങളിലെ നിക്ഷേപം. ദുബായ് മെട്രോ ബ്ലൂ ലൈന്‍ പദ്ധതിയുടെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക നേട്ടങ്ങള്‍ ചെലവഴിക്കുന്ന ഓരോ ദിര്‍ഹത്തിനും 2.60 ദിര്‍ഹം എന്ന തോതില്‍ 2040 ല്‍ എത്തും. സമയവും ഇന്ധനവും ഗണ്യമായി ലാഭിക്കുന്നതിന്റെയും അപകട മരണ നിരക്ക് കുറക്കുന്നതിന്റെയും കാര്‍ബണ്‍ ബഹിര്‍ഗമനം നിരക്ക് കുറക്കുന്നതിന്റെയും ഫലമായി 2040 ല്‍ പദ്ധതി നേട്ടങ്ങള്‍ ആകെ 5,650 കോടിയിലേറെ ദിര്‍ഹത്തിലെത്തുമെന്നും മതര്‍ അല്‍തായര്‍ പറഞ്ഞു.
ബ്ലൂ ലൈന്‍ ദുബായിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് 20 ശതമാനം തോതില്‍ കുറക്കും. പദ്ധതി സ്റ്റേഷനുകള്‍ക്ക് ചുറ്റുമുള്ള ഭൂമിയുടെയും റിയല്‍ എസ്റ്റേറ്റിന്റെയും മൂല്യം 25 ശതമാനം വരെ വര്‍ധിപ്പിക്കും. 10 മുതല്‍ 25 മിനിറ്റ് വരെ നീളുന്ന യാത്രാ സമയത്തില്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി നേരിട്ടുള്ള കണക്റ്റിവിറ്റി നല്‍കാനും ബ്ലൂ ലൈന്‍ സഹായിക്കും. ദുബായിലെ അഞ്ചാമത്തെ നഗര കേന്ദ്രമായ ദുബായ് സിലിക്കണ്‍ ഒയാസിസ് സെന്ററുമായും ബ്ലൂ ലൈന്‍ ബന്ധിപ്പിക്കും. ബ്ലൂ ലൈന്‍ പൂര്‍ത്തിയാകുന്നതോടെ ദുബായിലെ എല്ലാ നഗര കേന്ദ്രങ്ങളും മെട്രോ ലൈനുകളില്‍ ബന്ധിപ്പിക്കപ്പെടും. ഗ്രീന്‍ ബില്‍ഡിംഗ് സ്പെസിഫിക്കേഷനുകള്‍ക്ക് അനുസൃതമായ ദുബായിലെ ആദ്യ ഗതാഗത പദ്ധതിയാണ് ബ്ലൂ ലൈന്‍.
രണ്ട് ദിശകളിലുമായി മണിക്കൂറില്‍ ഏകദേശം 46,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ബ്ലൂ ലൈനിന്റെ ശേഷിയുണ്ടാകും. 2030 ല്‍ പ്രതിദിന ഉപയോക്താക്കളുടെ എണ്ണം ഏകദേശം 2,00,000 യാത്രക്കാരില്‍ എത്തുമെന്ന് കണക്കാക്കുന്നു. 2040 ല്‍ പ്രതിദിന യാത്രക്കാര്‍ 3,20,000 വരെയായി ഉയരും. 2025 ഏപ്രിലില്‍ പദ്ധതി നിര്‍മാണ ജോലികള്‍ ആരംഭിക്കും. ദുബായ് മെട്രോ റെഡ് ലൈന്‍ തുറന്നതിന്റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് എല്ലാ ജോലികളും പൂര്‍ത്തിയാക്കി 2029 സെപ്റ്റംബറില്‍ ബ്ലൂ ലൈന്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കും.
പതിനഞ്ചു വര്‍ഷത്തിലേറെയായി ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ പദ്ധതി എന്ന സ്ഥാനം ദുബായ് മെട്രോ നിലനിര്‍ത്തി. ബ്ലൂ ലൈന്‍ പൂര്‍ത്തിയാകുമ്പോള്‍ ദുബായ് ട്രെയിന്‍ ശൃംഖലയുടെ (മെട്രോയും ട്രാമും) മൊത്തം നീളം നിലവിലെ 101 കിലോമീറ്ററില്‍ നിന്ന് 131 കിലോമീറ്ററായി വര്‍ധിക്കും. ഇതില്‍ 120 കിലോമീറ്റര്‍ ദുബായ് മെട്രോയും 11 കിലോമീറ്റര്‍ ദുബായ് ട്രാമുമായിരിക്കും. ബ്ലൂ ലൈന്‍ പൂര്‍ത്തിയാക്കുന്നതോടെ ദുബായ് മെട്രോ, ട്രാം സ്റ്റേഷനുകളുടെ എണ്ണം 64 ല്‍ നിന്ന് 78 ആയി ഉയരും. ഇതില്‍ 67 എണ്ണം മെട്രോ സ്റ്റേഷനുകളും 11 എണ്ണം ട്രാം സ്റ്റേഷനുകളുമാകും. ട്രെയിനുകളുടെ എണ്ണം 140 ല്‍ നിന്ന് 168 ആയി ഉയരും. ഇതില്‍ 157 എണ്ണം മെട്രോ ട്രെയിനുകളും 11 എണ്ണം ട്രാമുകളുമായിരിക്കും.