റിയാദ്: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിലെ പ്രതി സഊദി വിമതൻ ആണെന്ന് സ്ഥിരീകരണം. നേരത്തെ കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ ജർമനി നിരാകരിച്ചയാളാണെന്നും മനുഷ്യാവകാശം പറഞ്ഞ് ജര്‍മനി നിരാകരിക്കുകയായിരുന്നുവെന്നും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച സഊദി അറേബ്യ. ജര്‍മന്‍ ജനതയോടും ഇരകളുടെ കുടുംബങ്ങളോടും സഊദി വിദേശ മന്ത്രാലയം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
താലിബ് അബ്ദുല്‍ മുഹ്‌സിന്‍
സഊദി അറേബ്യ അന്വേഷിച്ചുവരുന്ന വിമതന്‍ താലിബ് അബ്ദുല്‍ മുഹ്‌സിന്‍ ആണ് ആക്രമണം നടത്തിയത് എന്നാണ് സ്ഥിരീകരണം. 2006 ല്‍ സഊദിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ 18 വര്‍ഷമായി ജര്‍മനിയിലാണ് താമസിക്കുന്നത്. താലിബ് അബ്ദുല്‍ മുഹ്‌സിനെ അറസ്റ്റ് ചെയ്ത് കൈമാറണമെന്ന് സൗദി അറേബ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും മനുഷ്യാവകാശം പറഞ്ഞ് ജര്‍മനി ഇത് നിരാകരിക്കുകയായിരുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളെ കബളിപ്പിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. സാക്‌സണി-അൻഹാൾട്ടിൽ ജോലി ചെയ്യുന്ന ഇയാൾ 50 വയസുകാരനാണെന്ന് അധികൃതർ പറഞ്ഞു. അദ്ദേഹം വാടകയ്‌ക്കെടുത്ത കാർ ഓടിച്ചിരുന്നതായി പ്രാദേശിക ബ്രോഡ്‌കാസ്റ്റർ എംഡിആർ റിപ്പോർട്ട് ചെയ്യുന്നു.
താലിബ് അബ്ദുല്‍ മുഹ്‌സിന്‍ നിരീശ്വരവാദിയാണെന്നും സ്വാതന്ത്ര്യത്തിന്റെ നാട് എന്ന് വിശേഷിപ്പിച്ച് ജര്‍മനിയിലേക്ക് സഊദിയില്‍ നിന്ന് പെണ്‍കുട്ടികളെ കടത്തിയിരുന്നെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇളംപ്രായത്തിലുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ ജര്‍മനിയിലേക്ക് കടത്തിയിരുന്നത്. ജര്‍മനിയിലെത്തുന്ന പെണ്‍കുട്ടികളെ സ്വീകരിച്ച ശേഷം അവരെ സാമ്പത്തികമായി ചൂഷണവും ചെയ്തിരുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കുള്ള പിന്തുണയും ഇയാള്‍ പ്രഖ്യാപിച്ചിരുന്നെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
വെള്ളിയാഴ്ച ജർമ്മനിയിലെ മാഗ്ഡെബർഗിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയതിനെത്തുടർന്ന് കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെടുകയും ഒരു പിഞ്ചുകുട്ടി ഉൾപ്പെടെ – നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 200-ലധികം പേർക്ക് പരിക്കേറ്റു, ഇതിൽ 40 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു.