റിയാദ് – കുറ്റകൃത്യങ്ങള്‍, ഭീകരവാദം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയും ഇവയുടെ സംഘടിതവും നൂതനവുമായ രൂപങ്ങളും ചെറുക്കുന്ന മേഖലയില്‍ സംയുക്ത ഏകോപനവും സഹകരണവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ധാരണാപത്രം സൗദി അറേബ്യയും ബഹ്‌റൈനും ഒപ്പുവെച്ചു. സൗദി അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജിബും ബഹ്റൈന്‍ അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫദ്ല്‍ അല്‍ബുഅയ്‌നൈനും ആണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ഇരു രാജ്യങ്ങളിലും നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും അനുഭവങ്ങളും കൈമാറാനും, സംയുക്ത പഠനങ്ങളും പരിശീലന കോഴ്സുകളും സെമിനാറുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിച്ച് ഗവേഷണവും പ്രായോഗിക സഹകരണവും വര്‍ധിപ്പിക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു. പൊതുപ്രാധാന്യമുള്ള വിഷയങ്ങളില്‍ സംവാദവും സഹകരണവും ആഴത്തിലാക്കാന്‍ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരസ്പര സന്ദര്‍ശനങ്ങളും മെമ്മോറാണ്ടത്തില്‍ ഉള്‍പ്പെടുന്നു.
സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന നിലക്ക് പുതിയ കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ നൂതനവും ഫലപ്രദവുമായ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള സംയുക്ത പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ഇരു വിഭാഗവും ഊന്നിപ്പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങള്‍, ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുടെ ഫലമായുണ്ടാകുന്ന പൊതുവെല്ലുവിളികളെ അഭിമുഖീകരിക്കാനും സമയബന്ധിതമായി നീതി നടപ്പാക്കാനും അറബ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാനും ജുഡീഷ്യല്‍ സഹകരണം വിപുലീകരിക്കാനുമുള്ള സൗദി പബ്ലിക് പ്രോസിക്യൂഷന്റെ താല്‍പര്യത്തിന്റെ ഭാഗമായാണ് കുറ്റകൃത്യങ്ങള്‍, ഭീകരവാദം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയും ഇവയുടെ സംഘടിതവും നൂതനവുമായ രൂപങ്ങളും ചെറുക്കുന്ന മേഖലയില്‍ സംയുക്ത ഏകോപനവും സഹകരണവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ധാരണാപത്രം ബഹ്‌റൈനുമായി ഒപ്പുവെച്ചത്.