ദമ്മാം: സൗദിയിൽ പ്രാദേശിക വിറകുകളും ഉപഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഓർമ്മിപ്പിച്ച് പരിസ്ഥിതി മന്ത്രാലയം. രാജ്യത്ത് കടുത്ത ശൈത്യമനുഭവപ്പെടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്മെന്റാണ് മുന്നറിയിപ്പ് നൽകിയത്.
ശൈത്യത്തിൽ നിന്നും രക്ഷ തേടി തീയൊരുക്കുമ്പോൾ ഉപയോഗിക്കുന്ന വിറകുകളും ഉപഉപത്പന്നങ്ങളും ഉപയോഗിക്കുന്നതിൽ സൂക്ഷമത പാലിക്കാൻ അതോറിറ്റി നിർദ്ദേശിച്ചു. പ്രാദേശികമായി നട്ടുവളർത്തുന്ന മരങ്ങളും ചെടികളും വിറകിന് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരം ഉപത്പന്നങ്ങൾ ഉപയോഗിക്കുന്നത് കടുത്ത പിഴ ലഭിക്കാവുന്ന കുറ്റമാണ്.
തദ്ദേശിയ വിറക് ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ ഒരു ക്യൂപിക് മീറ്ററിന് പതിനാറായിരം റിയാൽ തോതിൽ പിഴ ചുമത്തും. ഇവ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ പിഴ 20,000 റിയാലായി ഉയരുമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു. എന്നാൽ രാജ്യത്തെ വിറകിൻറെ ആവശ്യകത മുൻനിർത്തി വിത്യസ്ത രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത വിറക് വിപണിയിൽ ലഭ്യമാണെന്നും അതോറിറ്റി വ്യക്തമാക്കി.