ദുബായ്: മിഡിലീസ്റ്റിലെ ആദ്യ വാണിജ്യ ഡ്രോൺ ഡെലിവറി സേവനത്തിന് ദുബായിൽ തുടക്കമായി.
ദുബായ് സിലിക്കൺ ഒയാസിസിലാണ് ഡ്രോൺ ഡെലിവറി സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കിരീടാവകാശിയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ (ഡിഎഫ്എഫ്) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം ചെയ്തു.
ഡി.എസ്.ഒയുടെ ഡ്രോൺ ഡെലിവറി നെറ്റ്‌വർക്കിലെ ലാൻഡിംഗ് പോയിന്‍റുകളിലൊന്നായ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ദുബായ് (ആർഐടി ദുബായ്) നിന്ന് പ്ലാറ്റ്‌ഫോം വഴി ഡ്രോൺ ഡെലിവറി സംവിധാനം ഉപയോഗിച്ച് ഷെയ്ഖ് ഹംദാൻ ആദ്യ ഓർഡർ നൽകി. കമ്മ്യൂണിറ്റിയിലെ ടേക്ക് ഓഫ് പോയിന്‍റുകളിലൊന്നിൽനിന്ന് ഓർഡർ വിജയകരമായി ഡെലിവർ ചെയ്തു. ചൈനീസ് ടെക് സ്ഥാപനമായ മെയ്തുവാന്‍റെ ഭാഗമായകീറ്റ ഡ്രോണിനാണ് യു.എ.ഇയിൽ ഡ്രോൺ ഡെലിവറികൾക്കായുള്ള ആദ്യ വാണിജ്യ ലൈസൻസ് ലഭിച്ചിട്ടുള്ളത്.
ദുബായ് സിലിക്കൺ ഒയാസിസിലെ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ദുബായ് ഡിജിറ്റൽ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഉൾപ്പെടെ നാല് ഡ്രോൺ ഡെലിവറി റൂട്ടുകളിലാണ് വാണിജ്യ സേവനങ്ങൾ ലഭ്യമാകുക. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബായ് എയർപോർട്സ് എന്നിവയുടെ പ്രസിഡന്‍റും, എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടിവും, ദുബായ് ഇന്‍റഗ്രേറ്റഡ് എകണോമിക് സോൺസ് അതോറിറ്റി അധ്യക്ഷനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം ചടങ്ങിൽ പങ്കെടുത്തു.