റിയാദ് : ഒന്നര മാസത്തെ ഇടവേളക്ക് ശേഷം മുംബൈ സൗദി കോണ്‍സുലേറ്റില്‍ ഹൗസ് ഡ്രൈവര്‍ അടക്കമുള്ള ഗാര്‍ഹിക വിസകള്‍ സ്റ്റാമ്പിംഗിന് സ്വീകരിച്ചുതുടങ്ങി. പാകിസ്താന്‍, ബംഗ്ലാദേശ് അടക്കം സൗദിയിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളിലും വിസ സ്റ്റാമ്പിംഗ് പുനരാരംഭിച്ചു. ഇതോടെ സൗദിയിലെ റിക്രൂട്ട്‌മെന്റ് ഓഫീസുകളും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ട്രാവല്‍ ഏജന്‍സികളും ഒരിടവേളക്ക് ശേഷം സജീവമായി.
ഒന്നരമാസം മുമ്പ് പെട്ടെന്നായിരുന്നു മുംബൈ അടക്കമുള്ള സൗദി കോണ്‍സുലേറ്റുകളില്‍ വിസ സ്റ്റാമ്പിംഗ് നിലച്ചത്. ഈ സമയത്ത് ന്യൂഡല്‍ഹിയിലെ സൗദി എംബസി വഴിയായിരുന്നു ഗാര്‍ഹിക വിസകള്‍ സ്റ്റാമ്പ് ചെയ്തിരുന്നത്. സൗദിയുടെ എംബസികളിലെല്ലാം ഈ സമയത്ത് വിസ സ്റ്റാമ്പിംഗ് നടന്നിരുന്നു. ഇത് കാരണം വിസ സ്റ്റാമ്പിംഗ് സേവനത്തിനുള്ള ചാര്‍ജ് പതിന്മടങ്ങായി വര്‍ധിക്കുകയും ചെയ്തു. സ്റ്റാമ്പിംഗ് ചെലവേറിയതായതിനാല്‍ കേരളത്തിലെ മിക്ക ഏജന്‍സികളും വിസ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തലാക്കിയിരുന്നു.
അതിനിടെ സൗദിയിലെ സ്‌പോണ്‍സര്‍മാര്‍ മുംബൈ കോണ്‍സുലേറ്റിലേക്ക് ഇഷ്യു ചെയ്ത വിസകള്‍ കാന്‍സല്‍ ചെയ്ത് ന്യൂഡല്‍ഹി എംബസിയിലേക്ക് മാറ്റി ഇഷ്യു ചെയ്തു. ഈ അവസരത്തില്‍ വിസ ചാര്‍ജ് ആയ 2000 റിയാല്‍ റീഫണ്ട് ലഭിക്കുമെങ്കിലും വിസ ഇഷ്യു ചെയ്യാനുള്ള 275 റിയാല്‍ നഷ്ടപ്പെടും. തൊഴിലാളികളെ അത്യാവശ്യമുള്ളവര്‍ ഇങ്ങനെ വിസകള്‍ മാറ്റി ഇഷ്യു ചെയ്തു.
ഏറെ കാത്തിരിപ്പിന് ശേഷം ചൊവ്വാഴ്ചയാണ് മുംബൈ കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിംഗ് പുനഃസ്ഥാപിച്ചത്. ഇതോടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും മറ്റു സമീപ സംസ്ഥാനങ്ങളിലെയും ട്രാവല്‍സുകളില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടു. ഒന്നരമാസമായി വിസയടിക്കാന്‍ കാത്തുനിന്നവരെല്ലാം കൂട്ടത്തോടെ ട്രാവല്‍സുകളില്‍ എത്തുന്നുണ്ട്. പലരും നേരത്തെ തന്നെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയതിനാല്‍ നേരെ വിസ സ്റ്റാമ്പിംഗിന് സമര്‍പ്പിക്കുകയാണ്. സിസ്റ്റം അപ്‌ഡേഷനും സാങ്കേതിക തകരാറുമാണ് വിസ സ്റ്റാമ്പിംഗ് തടസ്സപ്പെടാന്‍ കാരണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.