ദമാം: സുരക്ഷ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയ മലയാളി യുവാവിനെ സഊദിയിൽ നിന്നും നാടുകടത്തി. കിഴക്കൻ സഊദിയിലെ പ്രമുഖ വാണിജ്യ നഗരിയായ ദമാമിലെ അൽഖോബാറിലാണ് സംഭവം. വഴിയരികിൽ നിന്ന മലയാളിയെ സംശയം തോന്നിയ സുരക്ഷ ഉദ്യോഗസ്ഥൻ ചില കാര്യങ്ങൾ ചോദിച്ചപ്പോൾ തട്ടികയറിയതാണ് നാട് കടത്താൻ കാരണം.
കോഴിക്കോട് സ്വദേശിയെയാണ് രണ്ട് മാസത്തെ ജയിൽ ശിക്ഷക്ക് ശേഷം നാട് കടത്തിയത്. വഴിയരികിൽ ദുരൂഹ സാഹചര്യത്തിൽ ഒരു സ്ത്രീയുമായി ഒരാൾ സംസാരിക്കുന്നത് കണ്ട സുരക്ഷ ഉദ്യോഗസ്ഥൻ ഇടപെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. സംശയാസ്പദമായ സാഹചര്യത്തിൽ സ്ത്രീയുമായി സംസാരിക്കുന്നത് കണ്ട സുരക്ഷ ഉദ്യോഗസ്ഥൻ അടുത്ത് ചെന്ന് കാര്യം അന്വേഷിക്കുകയായിരുന്നു.
നിങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആണോ എന്ന പോലീസിന്റെ ചോദ്യത്തിന് മലയാളി യുവാവ് തട്ടികയറുന്ന രീതിയിൽ സംസാരിക്കുകയും ഇതേ തുടർന്ന് പോലീസുകാരൻ സെൻട്രൽ പോലീസിലേക്ക് അറിയിപ്പ് നൽകുകയും പിന്നീട് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അയക്കുകയുമായിരുന്നു. പിന്നീട് രണ്ട് മാസക്കാലത്തെ ജയിൽ വാസത്തിനു ശേഷം നാട് കടത്തുകയുമായിരുന്നു.
സഊദിയിൽ പുതുതായി എത്തുന്നവർ സഊദിയിലെ കർശനമായി നിയമം അറിഞ്ഞിരിക്കണമെന്നും പ്രവാസികൾ രാജ്യത്തെ നിയമങ്ങൾ പാലിച്ച് സുരക്ഷ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണത്തിൽ പൂർണ്ണ സഹകരണം ഉറപ്പാക്കണമെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു.