റിയാദ്: യാത്രക്കാർക്കായി അയ്യായിരത്തിലധികം വാഹന പാർക്കിംഗ് സൗകര്യം ഒരുക്കി റിയാദ് മെട്രോ. നീല, ചുവപ്പ്, മഞ്ഞ, പർപ്പിൾ എന്നീ പാതകളിലാണ് വിവിധ പാർക്കിങ്ങുകൾ ഒരുക്കിയിരിക്കുന്നത്. റോഡിലെ തിരക്ക് കുറക്കുന്നതിനും മെട്രോ ഉപയോഗ സംസ്‌കാരം വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി.
നീല, ചുവപ്പ്, മഞ്ഞ, പർപ്പിൾ പാതകളിലായി ആകെ 5554 പാർക്കിംഗുകളാണ് ഒരുക്കിയിട്ടുള്ളത്. ബ്ലൂ ലൈനുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിലായി 592, 863, 600 എന്ന രീതിയിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. റെഡ് ലൈനുമായി ബന്ധിപ്പിച്ച് ഒരുക്കിയിട്ടുള്ളത് 883 പാർക്കിംഗ് സ്ഥലങ്ങളാണ്. കിംഗ് ഫഹദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഷനുമായി ബന്ധപ്പെട്ടാണിവ.
യെല്ലോ ലൈനുമായി ബന്ധപ്പെട്ട് അൽ റാബി സ്റ്റേഷനിൽ 567 പാർക്കിംഗും പ്രിൻസസ് നൂറ യൂനിവേഴ്സിറ്റിയുടെ രണ്ട് സ്റ്റേഷനുകളിലായി 594 പാർക്കിംഗും ലഭ്യമാണ്. പർപ്പിൾ ലൈനിലെ അൽ ഹംറ സ്റ്റേഷനിൽ 592 ഉം അൽ നസീം സ്റ്റേഷനിൽ 863 പാർക്കിങ്ങുകളും സജ്ജമാണ്. രാവിലെ ആറ് മണി മുതൽ അർധരാത്രി 12 മണി വരെ യാത്രക്കാർക്ക് സേവനം ലഭിക്കും വിധമാണ് ഇവയുടെ പ്രവർത്തനം. ഇത് വഴി റോഡ് ട്രാഫിക് കുറക്കാനും കൂടുതൽ ആളുകളെ മെട്രോയിലേക്ക് ആകർഷിക്കാനും സാധിക്കും.