റിയാദ് – മെട്രോ ട്രെയിനുകളിലെ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും ദുരുപയോഗിക്കുന്നവര്‍ക്ക് പിഴയും ആറു മാസത്തേക്ക് മെട്രോ സര്‍വീസുകളില്‍ യാത്രാ വിലക്കും ലഭിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു. എമര്‍ജന്‍സി എക്സിറ്റുകള്‍, വാണിംഗ് ഉപകരണങ്ങള്‍, എമര്‍ജന്‍സി ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ഏതെങ്കിലും സുരക്ഷാ ഉപകരണങ്ങള്‍ ദുരുപയോഗിക്കുന്നവർക്ക് എല്ലാം ശിക്ഷ ലഭിക്കുമെന്ന് അതോറിറ്റി പറഞ്ഞു. റിയാദ് മെട്രോ ബ്ലൂ ലൈനില്‍ ഭാഗികമായി സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഇടയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് പിഴയും ആറു മാസത്തേക്ക് സേവന വിലക്കും ഏർപ്പെടുത്തുമെന്മന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.
സർവീസ് നിർത്താൻ കാരണം
ചില യാത്രക്കാര്‍ ട്രെയിനുകള്‍ക്കകത്തെ എമര്‍ജന്‍സി ലിവറുകള്‍ അനാവശ്യമായി വലിച്ചതാണ് സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവെക്കാന്‍ ഇടയാക്കിയത്. ഇത് മെട്രോ സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. ബ്ലൂ ലൈനില്‍ അല്‍ഇന്‍മാ ബാങ്ക്, എസ്.ടി.സി സ്റ്റേഷനുകള്‍ക്കിടയിലാണ് സര്‍വീസുകള്‍ വെള്ളിയാഴ്ച തല്ക്കാലികമായി നിര്‍ത്തിവെച്ചത്. ഈ പാതയില്‍ റെക്കോര്‍ഡ് സമയത്തിനകം സര്‍വീസുകള്‍ പൂര്‍ണ തോതില്‍ പുനരാരംഭിച്ചതായി റിയാദ് മെട്രോ അറിയിച്ചു.
റിയാദ് മെട്രോക്കു കീഴിലെ ട്രെയിനുകളും സ്റ്റേഷനുകളും അനുബന്ധ സൗകര്യങ്ങളും കാത്തുസൂക്ഷിക്കണമെന്നും എമര്‍ജന്‍സി ലിവറുകള്‍ അനാവശ്യമായി ഉപയോഗിക്കരുതെന്നും റിയാദ് റോയല്‍ കമ്മീഷന് ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. തടസ്സങ്ങള്‍ കൂടാതെ സേവനം നിലനിര്‍ത്താനും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
തടസ്സങ്ങളില്ലാതെ സേവനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ മുഴുവന്‍ യാത്രക്കാരും സുരക്ഷാ നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. അല്‍ഇന്‍മാ ബാങ്ക്, എസ്.ടി.സി സ്റ്റേഷനുകള്‍ക്കിടയില്‍ മെട്രോ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ ഇരു സ്റ്റേഷനുകള്‍ക്കുമിടയില്‍ യാത്രക്കാരെ നീക്കം ചെയ്യാന്‍ ബദല്‍ സംവിധാനമെന്നോണം ബസ് ഷട്ടില്‍ സര്‍വീസ് ഏര്‍പ്പെടുത്തി. ആളുകളുടെ സഞ്ചാരത്തെ ബാധിക്കുന്നത് കുറക്കാനും യാത്രക്കാരുടെ ആവശ്യങ്ങള്‍ വേഗത്തിലും ഫലപ്രദമായും നിറവേറ്റാനും ലക്ഷ്യമിട്ടാണ് ബസ് ഷട്ടില്‍ സര്‍വീസ് ഏര്‍പ്പെടുത്തിയത്.
ടിക്കറ്റില്ലെങ്കിൽ പിഴ
ട്രെയിന്‍ യാത്രക്കാര്‍ പരിശോധനക്കിടെ സാധുതയുള്ള ടിക്കറ്റ് സമര്‍പ്പിക്കാതിരിക്കുന്നതിന് ആദ്യ തവണ 200 റിയാല്‍ പിഴ ചുമത്തുമെന്ന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി നിയമാവലി വ്യക്തമാക്കുന്നു. കൂടാതെ ഇത്തരക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്കും ഈടാക്കും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 800 റിയാല്‍ വരെ പിഴ ചുമത്തും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തും. കണ്സഷന് ടിക്കറ്റുമായി ബന്ധപ്പെട്ട അര്‍ഹത തെളിയിക്കാതിരിക്കുന്നതിനും റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും അനുബന്ധ സൗകര്യങ്ങളിലും സൈക്കിളുകളും സ്കേറ്റിംഗ് ബോര്‍ഡുകളും ഉപയോഗിക്കുന്നതിനും ഇതേ ശിക്ഷകളാണ് ലഭിക്കുക. സീറ്റുകളില്‍ ലഗേജുകള്‍ കയറ്റിവെക്കുന്നവര്‍ക്കും നടവഴികള്‍ തടസ്സപ്പെടുത്തുന്നവര്‍ക്കും 100 റിയാല്‍ മുതല്‍ 400 റിയാല്‍ വരെ പിഴ ചുമത്തും. കൂടാതെ ടിക്കറ്റ് നിരക്കും ഈടാക്കും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തി കുടുങ്ങുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് സേവന വിലക്കേര്‍പ്പെടുത്തും.
പുക വലിച്ചാൽ 200 റിയാൽ പിഴ
ട്രെയിനുകളില്‍ നിരോധിത സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് 200 റിയാല്‍ പിഴ ലഭിക്കും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് സേവന വിലക്ക് ലഭിക്കും. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുകൊടുക്കാന്‍ വിസമ്മതിക്കുന്നവരെ ട്രെയിനില്‍ നിന്ന് പുറത്തിറക്കും. ഇന്റര്‍സിറ്റി സര്‍വീസുകളില്‍ ഇത്തരം യാത്രക്കാരെ ട്രെയിനുകളില്‍ നിന്ന് പുറത്തിറക്കി പോലീസിന് കൈമാറും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് സേവന വിലക്ക് ലഭിക്കും.
സുരക്ഷാ, എമര്‍ജന്‍സി ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ആദ്യ തവണ 400 റിയാലാണ് പിഴ ചുമത്തുക. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 800 റിയാല്‍ പിഴ ചുമത്തും. കൂടാതെ ടിക്കറ്റ് നിരക്കും ഈടാക്കും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്ക് ആറു മാസത്തേക്ക് സേവന വിലക്ക് ലഭിക്കും. സീറ്റുകളില്‍