റിയാദ് – വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സൗദി അറേബ്യ വലിയ മുന്നേറ്റം നടത്തിയതായി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. റിയാദില്‍ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. ഈ നേട്ടങ്ങളില്‍, വിശിഷ്യാ ഡിജിറ്റല്‍ പരിവര്‍ത്തന മേഖലയില്‍ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിക്ക് വലിയ പങ്കുണ്ട്. ഡിജിറ്റല്‍ പരിവര്‍ത്തന മേഖലയില്‍ വലിയ പുരോഗതി കൈവരിക്കാനായി. ഐക്യരാഷ്ട്രസഭയുടെ ഡിജിറ്റല്‍ ഗവണ്മെന്റ് സൂചികയില്‍ സൗദി അറേബ്യ 99.35 ശതമാനം സ്കോര്‍ കൈവരിച്ചു.
ഉഭയകക്ഷി വ്യാപാരം സുഗമമാക്കുന്നതിലും സുസ്ഥിര വികസനത്തെ പിന്തുണക്കുന്ന ശക്തമായ സാമ്പത്തിക സംവിധാനം കെട്ടിപ്പടുക്കുന്നതിലും നികുതി, കസ്റ്റംസ് അതോറിറ്റികളും ബന്ധപ്പെട്ട സ്ഥാപനങ്ങളും പ്രധാന പങ്ക് വഹിക്കുന്നു. നികുതി, കസ്റ്റംസ് മേഖലാ വെല്ലുവിളികള്‍ നേരിടാനുള്ള സംയുക്ത അന്താരാഷ്ട്ര പ്രവര്‍ത്തനം ശക്തിപ്പെടുത്താനും സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കാനും പരിചയസമ്പത്ത് കൈമാറ്റത്തിലൂടെ രാജ്യങ്ങള്‍ തമ്മിലെ സഹകരണം വര്‍ധിപ്പിക്കാനും സമ്മേളനം സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു. പ്രാദേശികവും അന്തര്‍ദേശീയവുമായ സാമ്പത്തിക സഹകരണം ഏകീകരിക്കാനും ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും, സകാത്ത്, ടാക്സ്, കസ്റ്റംസ് മേഖലകളില്‍ അന്താരാഷ്ട്ര സഹകരണ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനും സമ്മേളനം സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ആഗോള സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാനും സുരക്ഷാ, സാമ്പത്തിക വെല്ലുവിളികള്‍ നേരിടാനും സഹായിക്കുന്ന വിപുലമായ സകാത്ത്, നികുതി, കസ്റ്റംസ് സംവിധാനങ്ങള്‍ കെട്ടിപ്പടുക്കാനുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ ഏകീകരിക്കാന്‍ സൗദി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി ശ്രമിക്കുന്നതായി സമ്മേളനത്തില്‍ സംസാരിച്ച അതോറിറ്റി ഗവര്‍ണര്‍ എന്‍ജിനീയര്‍ സുഹൈല്‍ അബാനമി പറഞ്ഞു. പരസ്പരാശ്രിത സമൂഹങ്ങള്‍ കെട്ടിപ്പടുക്കാനുള്ള അടിസ്ഥാന ശിലയെന്നോണം സകാത്ത് മേഖല അടക്കം ഒരുകൂട്ടം വിഷയങ്ങള്‍ സമ്മേളനം വിശകലനം ചെയ്യും. സകാത്ത്, നികുതി, കസ്റ്റംസ് മേഖലകളുടെ ഭാവിയെ കുറിച്ച കാഴ്ചപ്പാട് പങ്കാളിത്തത്തിന്റെയും നൂതനത്വത്തിന്റെയും മനോഭാവത്തോടെയുള്ള കൂട്ടായ പ്രവര്‍ത്തനം ആവശ്യപ്പെടുന്നതായും എന്‍ജിനീയര്‍ സുഹൈല്‍ അബാനമി പറഞ്ഞു.