ജിദ്ദ – ചെങ്കടലിലെ ആവാസവ്യവസ്ഥ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ചെങ്കടലിന്റെ സുസ്ഥിരതക്കുള്ള ദേശീയ തന്ത്രം പ്രഖ്യാപിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.
സൗദി അറേബ്യ അതിന്റെ സാമ്പത്തികവും ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതും സുസ്ഥിരതയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മേഖലകളില്‍ മുന്‍നിര ശ്രമങ്ങള്‍ നടത്തുന്നതും തുടരുകയാണെന്ന് ചെങ്കടലിലെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനുള്ള പുതിയ ദേശീയ തന്ത്രം പ്രഖ്യാപിച്ച് കിരീടാവകാശി പറഞ്ഞു.
മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ തന്ത്രത്തിലൂടെ രാജ്യം അതിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ഘടകം എന്ന നിലയില്‍ നീല സമ്പദ്‌വ്യവസ്ഥയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. നീല സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട മികച്ച സമ്പ്രദായങ്ങള്‍ക്കുള്ള ഒരു റഫറന്‍സ് ആയി ചെങ്കടല്‍ പ്രദേശത്തെ മാറ്റാനും നീല സമ്പദ്‌വ്യവസ്ഥാ മേഖലയില്‍ ആഗോള തലത്തില്‍ ഗവേഷണത്തിന്റെയും വികസനത്തിന്റെയും നവീകരണത്തിന്റെയും മുന്‍നിര രാജ്യമായി മാറാനും സൗദി അറേബ്യ ആഗ്രഹിക്കുന്നു.
ചെങ്കടലിന്റെ സുസ്ഥിരമായ ഭാവിയിലേക്കുള്ള പ്രതിബദ്ധതയും ഇതിലൂടെ സൗദി അറേബ്യ സ്ഥിരീകരിക്കുന്നു. ചെങ്കടലിലെ നമ്മുടെ തീരങ്ങളെയും പ്രകൃതിയെയും അതിനെ ആശ്രയിക്കുന്ന സമൂഹങ്ങളെയും സംരക്ഷിക്കാന്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. 1,86,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും 1,800 കിലോമീറ്റര്‍ തീരപ്രദേശവുമുള്ള പ്രകൃതിദത്ത പ്രദേശമായ ചെങ്കടല്‍ സൗദി അറേബ്യയുടെ ഏറ്റവും വ്യതിരിക്തവും ജൈവശാസ്ത്രപരമായി വൈവിധ്യപൂര്‍ണവുമായ പ്രദേശങ്ങളില്‍ ഒന്നാണ്.
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ പവിഴപ്പുറ്റ് ശേഖരം ചെങ്കടലിലാണ്. ലോകത്തെ പവിഴപ്പുറ്റുകളുടെ 6.2 ശതമാനം ഇവിടെയാണ്. നൂറു കണക്കിന് ദ്വീപുകള്‍ അടങ്ങുന്ന ദ്വീപസമൂഹവുമാണ് ചെങ്കടല്‍. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആസ്വദിക്കാനും വരും തലമുറകള്‍ക്ക് അത് നിലനിര്‍ത്താനും സാഹചര്യമൊരുക്കി ചെങ്കടലിന്റെ സ്വാഭാവിക നിധികള്‍ എങ്ങിനെ സംരക്ഷിക്കാമെന്നും പുനരുജ്ജീവിപ്പിക്കാമെന്നും വിശദീകരിക്കുന്ന സമഗ്രമായ ഒരു ദേശീയ ചട്ടക്കൂട് പുതിയ തന്ത്രം തയാറാക്കുന്നു.
ഇക്കോടൂറിസം, മത്സ്യബന്ധനം, പുനരുപയോഗ ഊര്‍ജം, ജലശുദ്ധീകരണം, ഷിപ്പിംഗ്, വ്യവസായം എന്നിയുള്‍പ്പെടെ വിവിധ സമുദ്ര മേഖലകളില്‍ നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കുന്ന നിലക്ക് സാമ്പത്തിക സാധ്യതകള്‍ തുറക്കുന്നതിലും നീല സമ്പദ്‌വ്യവസ്ഥയിലേക്ക് തുടക്കമിടുന്നതിലും പ്രകൃതി പരിസ്ഥിതി സംരക്ഷണം നല്‍കുന്ന സംഭാവന ഈ തന്ത്രം വ്യക്തമാക്കുന്നു.
ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കുന്നതിനായി, 2030 ഓടെ സമുദ്ര, തീരദേശ സംരക്ഷിത പ്രദേശങ്ങളുടെ വിസ്തൃതി മൂന്നു ശതമാനത്തില്‍ നിന്ന് 30 ശതമാനമായും പുനരുപയോഗ ഊര്‍ജോല്‍പാദനം 50 ശതമാനമായും വര്‍ധിപ്പിക്കാനും നീല സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തീരദേശ ടൂറിസം പദ്ധതികളിലെ നിക്ഷേപങ്ങള്‍ സംരക്ഷിക്കാനും പുതിയ ദേശീയ തന്ത്രം ലക്ഷ്യമിടുന്നു. പരിസ്ഥിതി സുസ്ഥിരത, സാമ്പത്തിക വികസനം, സാമൂഹിക വികസനം, സുരക്ഷ, ഗവേണന്‍സും സഹകരണവും എന്നീ അഞ്ചു തന്ത്രപരമായ ലക്ഷ്യങ്ങളെ ചെങ്കടല്‍ സംരക്ഷണ ദേശീയ തന്ത്രം അടിസ്ഥാനമാക്കുന്നു. നീല സമ്പദ്‌വ്യവസ്ഥയിലും അനുബന്ധ പ്രവര്‍ത്തന മേഖലകളിലും സൗദി അറേബ്യയുടെ അഭിലാഷങ്ങള്‍ കൈവരിക്കാന്‍ വികസിപ്പിച്ച 48 പദ്ധതികള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
ലോകം ഇന്ന് അനുഭവിക്കുന്ന പാരിസ്ഥിതിക, കാലാവസ്ഥാ വെല്ലുവിളികളുടെ വെളിച്ചത്തില്‍ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതില്‍ സൗദി അറേബ്യ വഹിക്കുന്ന പ്രധാന പങ്ക് ദേശീയ തന്ത്രത്തിന്റെ പ്രഖ്യാപനം വ്യക്തമാക്കുകയും സാമ്പത്തിക വളര്‍ച്ചയും പാരിസ്ഥിതിക സുസ്ഥിരതയും സമന്വയിപ്പിക്കുന്ന ഒരു പുതിയ പാത രൂപപ്പെടുത്തുകയും ചെയ്യുന്നു.