റിയാദ്- സൗദി അറേബ്യയില്‍ ഹുറൂബായവര്‍ക്ക് പദവി ശരിയാക്കാന്‍ അവസരം. ഡിസംബര്‍ ഒന്നിന് മുമ്പ് ഹുറൂബ് (ഒളിച്ചോടിയെന്ന് സ്‌പോണ്‍സര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍) ആയവര്‍ക്കാണ് ഈ ആനുകൂല്യം. 2025 ജനുവരി 29ന് മുമ്പ് ഈ ആനൂകൂല്യം ഉപയോഗപ്പെടുത്താം.
ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് തൊഴില്‍ കരാര്‍ കാന്‍സല്‍ ചെയ്താല്‍ അറുപത് ദിവസത്തിനകം ഫൈനല്‍ എക്‌സിറ്റ് നേടുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ചെയ്തില്ലെങ്കില്‍ ജോലി സ്ഥലത്ത് നിന്ന് ഒളിച്ചോടിയതായി രേഖപ്പെടുത്തപ്പെടും. പിന്നീട് ഇവര്‍ക്ക് ജോലി മാറാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ അതിന് അവസരം നല്‍കിയിട്ടുണ്ടെന്ന് സൗദിയിലെ നയതന്ത്രകാര്യാലയങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഗാര്‍ഹിക ജോലിക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഹുറൂബായവര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് ഇത് സംബന്ധിച്ച് സന്ദേശം ലഭിക്കും. പുതിയ തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അപേക്ഷ കൊടുത്താല്‍ മതിയാകും. ഉടന്‍ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ സാധിക്കും.