ജിദ്ദ – മൂന്നാമതൊരു ദേശീയ വിമാന കമ്പനി കൂടി ആരംഭിക്കാന്‍ സൗദി അറേബ്യക്ക് പദ്ധതി. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. കിഴക്കന്‍ പ്രവിശ്യയിലെ ദമാം ആസ്ഥാനമായാണ് പുതിയ ദേശീയ വിമാന കമ്പനി പ്രവര്‍ത്തിക്കുക.
രണ്ടാമത്തെ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ അടുത്ത വര്‍ഷം സര്‍വീസുകള്‍ ആരംഭിക്കും. റിയാദ് ആസ്ഥാനമായാണ് പുതിയ കമ്പനി സര്‍വീസ് നടത്തുക. സര്‍വീസ് തുടങ്ങുന്നതിനു മുന്നോടിയായി നിരവധി വിമാനങ്ങള്‍ക്ക് റിയാദ് എയര്‍ കഴിഞ്ഞ മാസങ്ങളില്‍ ഓര്‍ഡറുകള്‍ നല്‍കിയിരുന്നു. ദേശീയ വിമാന കമ്പനിയായ സൗദിയ ജിദ്ദ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
അല്‍ജൗഫ്, അല്‍ബാഹ, ജിദ്ദ എയര്‍പോര്‍ട്ടുകള്‍ അടക്കം രാജ്യത്ത ഏതാനും അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പുതിയ ടെര്‍മിനലുകള്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ തുറമുഖങ്ങളില്‍ ആറു ലോജിസ്റ്റിക്‌സ് സോണുകള്‍ പുതുതായി ആരംഭിക്കും. പൊതുഗതാഗത ശൃംഖല വിപുലീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഏതാനും നഗരങ്ങളില്‍ ബസ് ഉപയോഗിച്ചുള്ള പൊതുഗതാഗത പദ്ധതികള്‍ നടപ്പാക്കുമെന്നും ധനമന്ത്രാലയം പറഞ്ഞു.
സൗദിയില്‍ പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും സൗദിയില്‍ നിന്ന് നേരിട്ട് സര്‍വീസുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയും പ്രതിവര്‍ഷം കൈകാര്യം ചെയ്യുന്ന എയര്‍ കാര്‍ഗോ 45 ലക്ഷം ടണ്‍ ആയും 2030 ഓടെ ഉയര്‍ത്താന്‍ ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു. ഇതോടൊപ്പം പ്രതിവര്‍ഷം സൗദിയിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 15 കോടിയായി ഉയര്‍ത്താനും ഉന്നമിടുന്നു. ഇവ കൈവരിക്കാന്‍ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നത്.