ദുബൈ: ദുബൈയിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു. സത്‌വ ബസ് സ്റ്റേഷനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ സർവീസും ഇതിൽ ഉൾപ്പെടും. റൂട്ട് 108 ആണ് ദുബൈ ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുക. വെള്ളി, ശനി, ഞായർ വാരാന്ത്യ അവധിദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും, പ്രത്യേക പരിപാടികളുള്ള ദിവസങ്ങളിലുമാണ് സത്വ സ്റ്റേഷനിൽ നിന്ന് ഗ്ലോബൽവില്ലേജിലേക്ക് ഈ റൂട്ടിൽ സർവീസുണ്ടാവുക. ഉച്ചക്ക് രണ്ട് മുതൽ രാത്രി ഒന്ന് വരെ ഓരോ മണിക്കൂറിലും ഇരുദിശയിലേക്കും ബസുണ്ടാകും.
റൂട്ട് F63 എന്ന മെട്രോ ഫീഡർ സർവീസാണ് പുതുതായി പ്രഖ്യാപിച്ച മറ്റൊരു സർവീസ്. അൽറാസ് മെട്രോസ്റ്റേഷനിൽ നിന്ന് അൽഖലീജ് സ്ട്രീറ്റ് വഴി- നായിഫ് സ്ട്രീറ്റിലേക്ക് ഈ റൂട്ടിലെ ബസ് സർവീസ് നടത്തുക.

പുതിയ റൂട്ട് J05 മിറ കമ്യൂണിറ്റിയിൽ നിന്ന് സർവീസ് ആരംഭിക്കും. നെഷ്മ ടൗൺഹൗസ് വഴി ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കാണ് ഈ സർവീസ്. പുതിയ സർവീസുകൾക്ക് പുറമേ, നിലവിലെ വിവിധ റൂട്ടുകൾ പരിഷ്‌കരിച്ചതായും ആർ.ടി.എ അറിയിച്ചു. ഈമാസം 29 മുതലാണ് പുതിയ റൂട്ടുകളിൽ ബസുകൾ ഓടിത്തുടങ്ങുക.