GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദ നഗരത്തിന്റെ പല ഭാഗത്തും ശക്തമായ മഴ

ജിദ്ദ : ജിദ്ദ നഗരത്തിന്റെ പല ഭാഗത്തും ശക്തമായ മഴ. ഏതാനും നിമിഷം മുമ്പാണ് ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തത്. ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുൻ കരുതൽ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചിരുന്നു. റുവൈസ്, അൽ ഹംറ, ഖാലിദ് ബിൻ വലീദ് തുടങ്ങി ജിദ്ദയുടെ വിവിധ സ്ഥലങ്ങളിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ മഴ പെയ്യുന്നുണ്ട്. മഴയും തണുപ്പും തുടരുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

അതേസമയം, ഈ വാരാന്ത്യത്തോടെ ഉത്തര സൗദിയിലെ പ്രവിശ്യകള്‍ അതിശൈത്യത്തിന്റെ പിടിയിലമരുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ വിദഗ്ധന്‍ ഉഖൈല്‍ അല്‍ഉഖൈല്‍ പറഞ്ഞു. ഉത്തര സൗദിയില്‍ കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലെത്തും. വാരാന്ത്യത്തോടെ റിയാദില്‍ കുറഞ്ഞ താപനില ഒമ്പതു ഡിഗ്രിയായി മാറും.



സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും മഴ തുടരും. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിനു കീഴിലെ ഉപഗ്രഹങ്ങള്‍ നിരീക്ഷിച്ചതനുസരിച്ച് മക്ക പ്രവിശ്യയുടെ ദക്ഷിണ തീരപ്രദേശങ്ങളിലും അല്‍ബാഹയിലെ ഹൈറേഞ്ചുകളിലും ഇടതൂര്‍ന്ന മേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. അല്‍ബാഹയിലും മക്ക പ്രവിശ്യയുടെ ചില ഭാഗങ്ങളിലും ചൊവ്വാഴ്ച വരെ മഴ തുടരും. മദീന പ്രവിശ്യയുടെ കിഴക്കു ഭാഗങ്ങളിലും അല്‍ഖസീം, ഹായില്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും ഇതേ കാലവസ്ഥാ സാഹചര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ശൈത്യകാലത്തിന്റെ ആരംഭത്തോടെ സൗദിയില്‍ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ അനുഭവപ്പെടും.

ഇതോടൊപ്പമുള്ള തണുത്ത വായു തരംഗം താപനില ഗണ്യമായി കുറക്കും. ഗോളശാസ്ത്രപരമായി ഡിസംബര്‍ ഒന്നു മുതല്‍ സൗദിയില്‍ ശൈത്യ കാലം ആരംഭിക്കും. താപനില വ്യതിയാനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കാലമാണിത്. അടുത്ത തിങ്കള്‍ രാത്രി മുതല്‍ ചൊവ്വ പുലര്‍ച്ചെ വരെയുള്ള സമയത്ത് തബൂക്ക്, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ജൗഫ്, ഹായില്‍, കിഴക്കന്‍ പ്രവിശ്യയുടെ വടക്കു ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ താപനില ക്രമാനുഗതമായി കുറയും. ഇവിടെ കുറഞ്ഞ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ അഞ്ചു ഡിഗ്രി വരെയായിരിക്കും. തണുത്ത വായു തരംഗം കിഴക്കന്‍ പ്രവിശ്യ, റിയാദ്, അല്‍ഖസീം എന്നീ പ്രവിശ്യകളെയും ബാധിക്കും. ഇവിടെ താപനില ഒമ്പതു ഡിഗ്രി മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. ഡിസംബര്‍ ഏഴിന് ശനിയാഴ്ച ഈ തരംഗം അവസാനിക്കുന്നതോടെ താപനില സാധാരണ നിലയിലാകുമെന്നും ഉഖൈല്‍ അല്‍ഉഖൈല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!