ദുബൈ: ദുബൈയിൽ രണ്ട് സാലിക് ഗേറ്റുകൾ കൂടി ഞായറാഴ്ച മുതൽ പ്രവർത്തനക്ഷമമാകും. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്, ശൈഖ് സായിദ് റോഡിൽ അൽ മയ്ദാനും ഉമ്മുൽ ഷീഫ് സ്ട്രീറ്റിനുമിടയിലെ അൽ സഫ സൗത്ത് എന്നിവിടങ്ങളിലാണ് പുതിയ സാലിക് ഗേറ്റുകൾ സ്ഥാപിച്ചത്. ഇതോടെ ദുബൈ നഗരത്തിലെ ആകെ ടോൾ ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി ഉയർന്നു.
അൽ ബർഷ, അൽ ഗർഹൂദ് ബ്രിജ്, അൽ മക്തൂം ബ്രിജ്, അൽ മംസാർ സൗത്ത്, അൽ മംസാർ നോർത്ത്, അൽ സഫ, എയർപോർട്ട് ടണൽ, ജബൽ അലി എന്നിവിടങ്ങളിലാണ് നിലവിൽ സാലിക് ഗേറ്റുകളുള്ളത്.

സാലിക് ഗേറ്റു വഴി കടന്നു പോകുന്ന ഓരോ യാത്രയ്ക്കും നാലു ദിർഹമാണ് ടോൾ നൽകേണ്ടത്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനം കണ്ടെത്തുകയും സാലിക് സ്റ്റിക്കർ ടാഗ് സ്‌കാൻ ചെയ്യുന്നതുമാണ് രീതി. വാഹനയുടമയുടെ പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്നാണ് പണം പോകുക. തിരക്കുള്ള വേളകളിൽ കൂടിയ നിരക്ക് ഈടാക്കുന്ന ഡൈനാമിക് പ്രസ്സിങ് സംവിധാനം സാലിക് ഗേറ്റുള്ള റോഡുകളിൽ ആർടിഎ പരിഗണിക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം.
പുതിയ സാലിക് ഗേറ്റുകൾ സജ്ജമാകുന്നതോടെ, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ദുബൈ-അൽ ഐൻ റോഡ്, റാസൽ ഖോർ റോഡ്, അൽ മനാമ റോഡ് തുടങ്ങിയ ബദൽ മാർഗങ്ങൾ സജീവമാകും. നൂറു ശതമാനം സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഗേറ്റുകൾ എന്ന സവിശേഷതയും പുതിയ സാലികുകൾക്കുണ്ട്.
ഗതാഗത നിലവാരം ഉയർത്തുന്നതിനും ട്രാഫിക് കുറയ്ക്കുന്നതിനുമായി 2007 മുതലാണ് ദുബൈയിൽ സാലിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചത്. പുതിയ ഗേറ്റുകൾ സാലിക് കമ്പനിയുടെ വരുമാനത്തിൽ പ്രതിഫലിക്കും. ഈ വർഷം ആദ്യ ആറു മാസത്തിൽ 110 കോടി ദിർഹമാണ് സാലിക് കമ്പനിയുടെ വരുമാനം. ഇതിൽ 87.1 ശതമാനവും ടോളിൽ നിന്നുള്ളതാണ്.