ദുബൈ: യുഎഇയിലെ ഡ്രോൺ വിലക്ക് ഭാഗികമായി നീക്കി അധികൃതർ. ഈ മാസം ഇരുപത്തിയഞ്ചു മുതൽ ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് ഡ്രോൺ ഉപയോഗിക്കാനുള്ള അനുമതിക്ക് അപേക്ഷിക്കാം. ലൈസൻസ് അടക്കമുള്ള കാര്യങ്ങൾക്കായി ഏകീകൃത സംവിധാനം കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു
വ്യോമപാതകളുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് യുഎഇയിൽ ഡ്രോൺ ഉപയോഗം നിരോധിച്ചിരുന്നത്. സിവിൽ വ്യോമയാന മന്ത്രാലയം, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയ വകുപ്പുകളുമായി ആലോചിച്ച ശേഷമാണ് വിലക്കു നീക്കാനുള്ള തീരുമാനം. ഘട്ടം ഘട്ടമായാണ് ഡ്രോൺ ഓപറേഷൻ ലൈസൻസ് അനുവദിക്കുകയെന്ന് അബൂദബി പൊലീസ് കോളജിൽ വച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ അധികൃതർ അറിയിച്ചു.
ഡ്രോൺ ഉപയോഗത്തിനും അനുമതിക്കുമായി ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കും. രജിസ്‌ട്രേഷൻ, റെഗുലേഷൻ എന്നിവയെല്ലാം ഈ പ്ലാറ്റ്‌ഫോം വഴിയാകും. പ്രവർത്തന ചട്ടക്കൂടും കൊണ്ടുവരും. പ്ലാറ്റ്‌ഫോമിന്റെ ആദ്യ ഘട്ടം നവംബർ ഇരുപത്തിയഞ്ചിന് ലോഞ്ച് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ഗവണ്മെന്റ് ഏജൻസികൾക്കും കമ്പനികൾക്കും മാത്രമാകും അനുമതി ലഭിക്കുക.
2022 ജനുവരിയിലാണ് യുഎഇയിൽ ഡ്രോൺ പറത്തലിന് നിരോധമേർപ്പെടുത്തിയത്. ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകൾ പറത്തുന്നതിനും വിലക്കുണ്ട്.