കുവൈത്ത് സിറ്റി: ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രവാസികളോട് അഭ്യർഥിച്ച് കുവൈത്ത് ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെൻറ്. ഡിസംബർ 31 വരെയാണ് പ്രവാസികൾക്ക് ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം അനുവദിച്ചിരിക്കുന്നത്.
കുവൈത്തിൽ 87 ശതമാനം പ്രവാസികൾ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെൻറ് പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ ഡിവിഷൻ ഡയറക്ടർ നായിഫ് അൽ മുതൈരി അറിയിച്ചു. ഡിസംബർ 31 വരെയാണ് പ്രവാസികൾക്ക് ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. എന്നാൽ ബയോമെട്രിക് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ പ്രവാസികളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

ബയോമെട്രിക്‌സ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്ത പ്രവാസികളുടെ എല്ലാ ഗവൺമെൻറ് ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്നാണ് സൂചനകൾ. കുവൈത്ത് സ്വദേശികൾക്ക് അനുവദിച്ചിരുന്ന സമയം ഈ വർഷം സെപ്തംബറിൽ കഴിഞ്ഞിരുന്നു. നിലവിൽ 98 ശതമാനം കുവൈത്ത് സ്വദേശികളും ഇതിനകം തന്നെ ബയോമെട്രിക് പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ 20,000 പൗരന്മാർ രജിസ്‌ട്രേഷൻ പൂർത്തീകരിക്കാൻ അവശേഷിക്കുന്നതായി അൽ മുതൈരി വ്യക്തമാക്കി.
നിലവിൽ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് കേന്ദ്രങ്ങളിൽ ദിവസവും രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് ബയോമെട്രിക് രജിസ്‌ട്രേഷൻ സേവനം ലഭ്യമായിട്ടുള്ളത്. ഗവൺമെൻറ് ഏകീകൃത ആപ്ലിക്കേഷനായ സഹ്ൽ വഴിയോ ‘മെറ്റ’ വെബ് പോർട്ടൽ വഴിയോയാണ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ട്.