ദുബൈ: പറക്കും ടാക്സികൾക്കായുള്ള വെർടിക്കൽ പോർട് സ്റ്റേഷൻ നിർമാണം ദുബൈയിൽ ആരംഭിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് സ്റ്റേഷൻ സജ്ജമാകുന്നത്. അടുത്ത വർഷം ആദ്യപാദത്തിൽ പറക്കും ടാക്സികൾ നഗരത്തിൽ സർവീസ് ആരംഭിക്കും. റൺവേയുടെ ആവശ്യമില്ലാതെ കുത്തനെ പറക്കാനും ഇറങ്ങാനും കഴിയുന്നതാണ് എയർ ടാക്സികൾ.
എയർ ടാക്സികൾക്കായുള്ള ആദ്യ സ്റ്റേഷന്റെ നിർമാണം ആരംഭിച്ചതായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 3,100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ് നിർമാണം ആരംഭിച്ച ആദ്യത്തെ വെർടിപോർട്ട്. പ്രതിവർഷം 42,000 ലാൻഡിങ്ങ് ചെയ്യാനുള്ള ശേഷിയുണ്ടാകും. 1,70,000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സൗകര്യവുമുണ്ട്.
പ്രാഥമിക ഘട്ടത്തിൽ ഡൗൺ ടൗൺ, ദുബൈ മറീന, പാം ജുമൈറ എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ നിർമാണം കൂടി പൂർത്തിയാക്കും. പറക്കും ടാക്സി യാഥാർഥ്യമാക്കുന്നതിനായി യുഎസ് ആസ്ഥാനമായ ജോബി ഏവിയേഷൻ, സ്കൈ പോർട്സ് ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളുമായി ആർടിഎ കരാർ ഒപ്പുവച്ചിട്ടുണ്ട്. പദ്ധതി പൂർത്തിയായാൽ പാംജുമൈറയിൽ നിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പത്തു മിനിറ്റു കൊണ്ടെത്താം. സാധാരണ ഗതിയിൽ മുക്കാൽ മണിക്കൂർ കൊണ്ടെടുക്കുന്ന യാത്രയാണ് പത്തു മിനിറ്റിനുള്ളിൽ സാധ്യമാകുക.