മദീനക്കു സമീപം അല്‍ഉലയിലെ പ്രധാന പൈതൃക, വിനോദസഞ്ചാര കേന്ദ്രമായ ഇക്മ പര്‍വത നിരകൾ യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ഇടം നേടിയ ചരിത്ര വിസ്മയമാണ്. നാഗരികതകളുടെ കഥകള്‍ പറയുന്ന ശിലാലിഖിതങ്ങളാല്‍ സമ്പന്നമാണ് ഈ പർവ്വതങ്ങൾ.
അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ ഓപ്പണ്‍ ലൈബ്രറിയും അല്‍ഉലയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര കേന്ദ്രങ്ങളില്‍ ഒന്നുമാണ് എന്നത് ജബല്‍ ഇക്മയുടെ പൈതൃക പദവിക്ക് മാറ്റുകൂട്ടുന്നു. വിവിധ കാലഘട്ടങ്ങളിലും നാഗരികതകളിലുമായി ആയിരക്കണക്കിന് വര്‍ഷങ്ങളായി ആലേഖനം ചെയ്യപ്പെട്ട നൂറു കണക്കിന് പുരാവസ്തു ലിഖിതങ്ങളും ശിലാലിഖിതങ്ങളും ജബല്‍ ഇക്മയിലുണ്ട്. ഇവിടെയുള്ള മൂന്നൂറിലേറെ വരുന്ന ശിലാലിഖിതങ്ങളില്‍ ഭൂരിഭാഗവും ബി.സി ഒന്നാം സഹസ്രാബ്ദത്തിന്റെ രണ്ടാം പകുതിയിലേതാണ്. അല്‍ഉലയില്‍ കഴിഞ്ഞുപോയ ഏതാനും നാഗരികതകളിലെ നിരവധി വാക്കുകളെയും മതപരമായ ആചാരങ്ങളെയും പദപ്രയോഗങ്ങളെയും മനുഷ്യ പ്രവര്‍ത്തനങ്ങളെയും സൂചിപ്പിക്കുന്ന നിരവധി ചിഹ്നങ്ങളും ലിഖിതങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
വിനോദസഞ്ചാര പ്രാധാന്യത്തിനു പുറമെ, ജബല്‍ ഇക്മയിലെ ശിലാലിഖിതങ്ങള്‍ക്ക് വൈജ്ഞാനികവും ഗവേഷണപരവുമായ പ്രാധാന്യവുമുണ്ട്. ദാദാനൈറ്റ്, ലിഹ്യാനൈറ്റ് നാഗരികതകള്‍ മുതലുള്ള യുഗാന്തരങ്ങളില്‍ സംസ്‌കാരിക വിനിമയത്തിനുള്ള കേന്ദ്രമെന്ന നിലയില്‍ അല്‍ഉലയുടെ ചരിത്രപരമായ പദവി ഇവ ഉയര്‍ത്തിക്കാട്ടുന്നു. ഭാഷകളുടെയും സംസാര ശൈലികളുടെയും വികാസത്തെ ഇവ വെളിപ്പെടുത്തുകയും പുരാതന കാലം മുതലുള്ള സാഹിത്യ സമ്പ്രദായങ്ങള്‍ക്ക് സാക്ഷിയായി നിലകൊള്ളുകയും ചെയ്യുന്നു.
പുരാതന അറബ് നാഗരികതകളെയും രാജ്യങ്ങളെയും കുറിച്ച് സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളുടെ സമഗ്രത ഈ ലിഖിതങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഗവേഷകരെയും സന്ദര്‍ശകരെയും ലക്ഷ്യമിടുന്ന സാംസ്‌കാരിക അനുഭവത്തിന്റെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ ഓപ്പണ്‍ മ്യൂസിയമായി അല്‍ഉലയെ മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജബല്‍ ഇക്മ സംരക്ഷിക്കാനും, സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള നാഗരികതകളുടെ ചരിത്രത്തിന്റെ വിശ്വസനീയമായ റഫറന്‍സ് എന്നോണം ഇവിടുത്തെ ഡോക്യുമെന്ററി പൈതൃകം ഉയര്‍ത്തിക്കാട്ടാനും അല്‍ഉല റോയല്‍ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നു.
ഭൂമിശാസ്ത്രപരമായ വൈവിധ്യവും അതിശയകരമായ പാറക്കൂട്ടങ്ങളും കൊണ്ട് സവിശേഷമായ നിരവധി വിനോദസഞ്ചാര ഓപ്ഷനുകള്‍ സന്ദര്‍ശകര്‍ക്ക് അല്‍ഉല വാഗ്ദാനം ചെയ്യുന്നു. നൂറുകണക്കിന് പുരാവസ്തു ലിഖിതങ്ങളും ശിലാശില്‍പങ്ങളും അടങ്ങിയിരിക്കുന്നു എന്നതിനു പുറമെ, മരുഭൂയാത്രകള്‍, ക്യാമ്പിംഗ്, തെളിഞ്ഞ ആകാശത്ത് നക്ഷത്ര നിരീക്ഷണം, നാച്വറല്‍ റിസര്‍വ് സന്ദര്‍ശനം, മലകയറ്റം എന്നിവ സന്ദര്‍ശകര്‍ക്ക് പരീക്ഷിക്കാം. ഇതോടൊപ്പം ചരിത്രപരവും പുരാവസ്തു പ്രാധാന്യവുമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും നബാറ്റിയന്‍ ശവകുടീരങ്ങള്‍, വിവിധ ശിലാലിഖിതങ്ങള്‍, പുരാവസ്തു ഉത്ഖനന സ്ഥലങ്ങള്‍ എന്നിവയെ കുറിച്ച് അടുത്തറിയാനും കഴിയും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ പെടുത്തിയിട്ടുള്ള ഹെഗ്ര (മദായിന്‍ സ്വാലിഹ്) പ്രദേശമാണ്.