റിയാദ്: റിയാദിലെ മെട്രോ തുറക്കുന്നതോടെ സ്റ്റേഷനുകളോട് ചേർന്നുള്ള കെട്ടിടങ്ങളിൽ വാടക വർധിച്ചേക്കും . റിയൽ എസ്റ്റേറ്റ് കമ്പനികൾ വാടക കൂട്ടുമെന്ന് സൗദി സാമ്പത്തിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അകന്നുള്ള കെട്ടിടങ്ങൾക്ക് വില കുറയുമെന്നും വിശകലനത്തിൽ പറയുന്നു. അടുത്ത വർഷം തുടക്കത്തിലാകും മെട്രോ ആരംഭിക്കുക.
176 കിലോമീറ്ററിലായിരിക്കും മെട്രോ സേവനം. 84 സ്റ്റേഷനുകൾ സംവിധാനിച്ചിട്ടുണ്ട്. ഈ മേഖലകളിലെ റെസിഡൻഷ്യൽ, വാണിജ്യ, ഔട്ട്‌ലെറ്റ് സ്‌പേസുകൾ എന്നിവക്കെല്ലാം വിലയും വാടകയും വർധിക്കും. നിലവിൽ കൂടിയ നിരക്കുകളുള്ള മെട്രോക്ക് അകന്നുള്ള സ്ഥലങ്ങളിലെ വില ഇടിയാനും സാധ്യതയുണ്ട്.
മെട്രോ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സ്‌റ്റേഷനുകളോട് ചേർന്നുള്ള പ്രദേശങ്ങൾ വിപുലീകരിക്കുന്നുണ്ട്. ഇതിനായി വിവിധ നിക്ഷേപങ്ങളാണ് സ്വീകരിക്കുന്നത്. അന്തരാഷ്ട്ര മെട്രോ നഗരങ്ങളിലെ പ്രവർത്തനങ്ങൾ മാതൃകയാക്കിയാണ് വികസനങ്ങൾ. മെട്രോ വരുന്നതോടെ റിയാദിന്റെ വികസന മേഖലയിൽ വൻ കുതിച്ചു ചാട്ടമായിരിക്കും വരാനിരിക്കുന്നത്.