കുവൈത്ത് സിറ്റി: ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രവാസികളോട് അഭ്യർഥിച്ച് കുവൈത്ത് ഗവൺമെന്റ്. കണക്കുകൾ പ്രകാരം 5,30,000 പ്രവാസികളാണ് ബയോമെട്രിക് പൂർത്തിയാക്കാനുള്ളത്. കുവൈത്ത് പൗരന്മാർ അടക്കം 33 ലക്ഷത്തിലധികം ആളുകളാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇതിൽ 21 ലക്ഷം പേരും പ്രവാസികളാണ്.
ഡിസംബർ 31 വരെയാണ് പ്രവാസികൾക്ക് ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. കുവൈത്ത് സ്വദേശികൾക്ക് അനുവദിച്ചിരുന്ന സമയം ഈ വർഷം സെപ്റ്റംബറിൽ കഴിഞ്ഞിരുന്നു. ബയോമെട്രിക്‌സ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്ത പ്രവാസികളുടെ എല്ലാ സർക്കാർ ഇടപാടുകളും ഡിസംബർ അവസാനത്തോടെ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നാണ് സൂചനകൾ.

നേരത്തെ നടപടികൾ പൂർത്തീകരിക്കാത്ത സ്വദേശികളുടെ എല്ലാ സർക്കാർ, ബാങ്കിങ് ഇടപാടുകളും താൽക്കാലികമായി ബ്ലോക്ക് ചെയ്തിരുന്നു. നിലവിൽ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് കേന്ദ്രങ്ങളിൽ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ബയോമെട്രിക് രജിസ്‌ട്രേഷൻ സേവനം ലഭ്യമായിട്ടുള്ളത്. സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹ്ല് വഴിയോ ‘മെറ്റ’ വെബ് പോർട്ടൽ വഴിയോയാണ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ട്.