മസ്‌കത്ത്: ഒമാനിൽ ടൂറിസ്റ്റ് ഗൈഡുകൾക്കായി ഫ്രീലാൻസ് എംപ്ലോയ്‌മെന്റ് രജിസ്റ്റർ. പൈതൃക വിനോദസഞ്ചാര മന്ത്രാലയമാണ് രജിസ്റ്റർ അവതരിപ്പിച്ചത്. നാഷണൽ എംപ്ലോയ്മെന്റ് പ്രോഗ്രാമിന്റെയും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ടൂറിസ്റ്റ് ഗൈഡുകൾക്കായി ”ഫ്രീലാൻസ് വർക്ക്” സംരംഭം ആരംഭിച്ചത്. മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് പൊതു-സ്വകാര്യ മേഖലകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറി അസ്സാൻ ഖാസിം അൽ ബുസൈദിയാണ് സംരംഭം ഉദ്ഘാടനം ചെയ്തത്.
സുൽത്താനേറ്റിലെ ടൂറിസ്റ്റ് ഗൈഡുകളെ പിന്തുണയ്ക്കാനും ഈ മേഖലയിലെ സ്വതന്ത്ര തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ഫ്രീലാൻസ് ടൂറിസ്റ്റ് ഗൈഡുകൾക്ക് രജിസ്റ്റർ ചെയ്യാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ സംവിധാനം വഴിയൊരുക്കും. വിനോദസഞ്ചാരികൾക്ക് ലഭിക്കുന്ന സേവനത്തിന്റെ നിലവാരവും മെച്ചപ്പെടുത്തും.കൂടാതെ ഗൈഡുകൾക്ക് പരിശീലനവും നൽകും. പരിശീലന കാലയളവ് കഴിഞ്ഞാൽ ഗൈഡിന് പ്രൊഫഷൻ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് നേടാം. പ്രൊഫഷൻ പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് നേടിയ ഒമാനി ഗൈഡുകളുടെ എണ്ണം 906 ആണ്. ഒമാനിൽ ഒരു ടൂർ ഗൈഡായി പ്രവർത്തിക്കാൻ ഈ ലൈസൻസ് നിർബന്ധവുമാണ്.
അതേസമയം, സാഹസിക വിനോദസഞ്ചാരത്തിൽ സ്‌പെഷ്യലൈസ് ചെയ്ത ടൂറിസ്റ്റ് ഗൈഡ് കാർഡുകൾ കൈവശമുള്ളവർക്ക് സാഹസിക ടൂറിസം യാത്രകൾ സ്വതന്ത്രമായി സംഘടിപ്പിക്കാനോ പ്രോത്സാഹിപ്പിക്കാനോ അനുമതിയില്ലെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടത്താൻ മന്ത്രാലയം അധികാരപ്പെടുത്തിയ ലൈസൻസുള്ള ട്രാവൽ ആൻഡ് ടൂറിസം ഓഫീസുമായി ബന്ധപ്പെടണം എന്ന മുന്നറിയിപ്പാണ് നൽകിയത്.