റിയാദ്: സൗദിയിൽ ടാക്‌സി നിരക്കുകൾ ഉയരുന്നത് നിയന്ത്രിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം. ഇതിന്റെ ഭാഗമായി യാത്രാ നിരക്കുകൾ ടാക്‌സി കമ്പനികൾക്ക് നിർദ്ദേശിക്കാമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ടാക്‌സി ആപ്പുകൾ നിയന്ത്രിക്കുന്ന കമ്പനികൾക്കും നിരക്കുകൾ തീരുമാനിക്കാം. നിർദേശം പരിശോധിച്ചാകും നിരക്ക് മാറ്റത്തിന് ഗതാഗത മന്ത്രാലയം അനുമതി നൽകുക.
യാത്രക്കാരിൽ നിന്നും ടാക്‌സിസ്ഥാപനങ്ങൾ അമിതനിരക്ക് ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് നിരക്കുകൾ പുനഃപരിശോധിക്കുന്നത്. പുതിയ നിരക്കുകൾ നിലവിൽ ടാക്‌സി ആപ്പുകൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്ക് നിർദ്ദേശിക്കാം. ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ നിർദ്ദേശിച്ച നിരക്ക് പ്രാബല്യത്തിൽ വരും. ടാക്‌സി സ്ഥാപനങ്ങളും, ടാക്‌സി ആപ്പുകൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളും ഈ രീതിയാണ് പിന്തുടരേണ്ടത്.
പുതുക്കിയ നിരക്കുകൾ പൊതുജനങ്ങളെ അറിയിക്കും. അംഗീകരിച്ച നിരക്കുകളായിരിക്കും പിന്നീട് മുഴുവൻ ടാക്‌സി സർവീസുകളും പിന്തുടരേണ്ടത്. ഇതിൽ കൂടുതൽ നിരക്ക് ഈടാക്കാൻ പാടില്ല. ടാക്‌സി നിരക്കുകൾ ഏകീകരിക്കുക. ഉപഭോക്താവ് വഞ്ചിക്കപ്പെടുന്നത് തടയുക. ടാക്‌സി മേഖലയെ വികസിപ്പിക്കുക എന്നിവയുടെ ഭാഗമായാണ് നടപടികൾ. മേഖലയിലെ സ്ഥാപനങ്ങളും, യാത്രക്കാരും തമ്മിൽ ആരോഗ്യകരമായ ബന്ധം വളർത്തുന്നതിന്റെ ഭാഗമായാണ് പരിഷ്‌കരണം.