ജിദ്ദ – വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇറച്ചിക്കും കോഴിയിറച്ചിക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു. ഹലാല്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ വിദേശങ്ങളിലെ കശാപ്പുശാലകളും ഇറച്ചി സംസ്‌കരണ യൂനിറ്റുകളും കയറ്റുമതിക്കാരും കണിശമായി പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി പറഞ്ഞു.
ബ്രസീല്‍, ഓസ്‌ട്രേലിയ പോലുള്ള വിദേശ രാജ്യങ്ങളിലെ ഇറച്ചി, കോഴിയിറച്ചി സംസ്‌കരണ യൂനിറ്റുകളും ഫാക്ടറികളും നിരീക്ഷിക്കുന്നതിനെയും ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് കശാപ്പ് ചെയ്ത ആടുമാടുകളുടെയും കോഴികളുടെയും ഇറച്ചിയാണ് സൗദിയിലേക്ക് ഇറക്കുമതു ചെയ്യുന്നത് എന്ന് എങ്ങിനെയാണ് ഉറപ്പുവരുത്തുന്നത് എന്നതിനെയും കുറിച്ച് ഉപയോക്താക്കളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.