റിയാദ് – ലോകത്ത് സമാധാനപ്രിയരായ എല്ലാ രാജ്യങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ പ്രഥമ യോഗത്തില്‍ സൗദി അറേബ്യ ആവശ്യപ്പെട്ടു. ഇസ്രായില്‍ ആക്രമണം തുടരുന്നതിനാല്‍ ഫലസ്തീന്‍ ജനത കടുത്ത ദുരിതങ്ങള്‍ അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ പ്രഥമ യോഗത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് യോഗത്തില്‍ സംസാരിച്ച വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുറഹ്മാന്‍ അല്‍റസി പറഞ്ഞു. മനുഷ്യരെയും ഫലസ്തീന്‍ പ്രദേശങ്ങളും ഇസ്രായില്‍ തകര്‍ക്കുന്നു. അന്താരാഷ്ട്ര നിയമവും അന്താരാഷ്ട്ര മാനുഷിക നിയമവും ലംഘിക്കാന്‍ ഇസ്രായില്‍ ധൈര്യം കാണിക്കുന്നു.
ഇസ്രായില്‍ ആക്രമണം അവസാനിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം അശക്തരാണ്. ചരിത്രപരമായ ഉത്തരവാദിത്തം യു.എന്‍ രക്ഷാ സമിതി നിറവേറ്റുന്നില്ല. സ്വയംനിര്‍ണയത്തിനുള്ള ഫലസ്തീനികളുടെ നിയമാനുസൃതവും ധാര്‍മികവുമായ അവകാശങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുന്നതിലും സമഗ്രസമാധാനം നടപ്പാക്കാനുള്ള ഗൗരവതരമായ പ്രക്രിയക്ക് തുടക്കം കുറിക്കുന്നതിലും മേഖലാ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാതെ തടയുന്നതിലും രക്ഷാ സമിതി പരാജയപ്പെട്ടിരിക്കുന്നു.
സമാധാനപ്രിയരായ എല്ലാ രാജ്യങ്ങളും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള അന്താരാഷ്ട്ര സഖ്യത്തില്‍ ചേരണം. സമീപ കാലത്ത് ഏതാനും രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിനെ വിലമതിക്കുന്നു. ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ നല്‍കുകയും, ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കലും സമാധാനം സാക്ഷാല്‍ക്കരിക്കലും വേഗത്തിലാക്കുകയും ചെയ്യുമെന്നതിനാല്‍ ശേഷിക്കുന്ന രാജ്യങ്ങളും എത്രയും വേഗം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണം. യോഗത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമവും യു.എന്‍ പ്രമേയങ്ങളും സമാധാന പ്രക്രിയയുടെ അടിസ്ഥാനങ്ങളും 2002 അറബ് സമാധാന പദ്ധതിയും അവലംബിച്ച്, സമാധാനം കൈവരിക്കാന്‍ ലക്ഷ്യമിട്ട് ബഹുമുഖ രാഷ്ട്രീയ പ്രക്രിയയില്‍ മുഴുകണം. സ്വാഭവിക ക്രമവും സമാധാനത്തിനു പകരം ഭൂമിയെന്ന തത്വവും അനുസരിച്ച് ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും ഇസ്രായില്‍ അധിനിവേശം അവസാനിപ്പിക്കുന്നതിന്റെയും അടിസ്ഥാനത്തിലായിരിക്കണം ഇത്. എട്ടു ദശകമായി തുടരുന്ന ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാനും 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രത്തില്‍ സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാന്‍ ഫലസ്തീനികള്‍ക്ക് അവസരമൊരുക്കാനും ഇത് സഹായിക്കും.
ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രായില്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ തുടര്‍ച്ച സംഘര്‍ഷത്തിന്റെ വികാസത്തിലേക്ക് നയിക്കുകയും മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുകയും ചെയ്യും. ആക്രമണം അവസാനിപ്പിക്കാനും നിയന്ത്രണങ്ങളേതുമില്ലാതെ ഗാസയില്‍ അടിയന്തിരമായി സഹായങ്ങള്‍ എത്തിക്കുന്നതിന് അനുവദിക്കാനും ഇസ്രായിലിനെ നിര്‍ബന്ധിക്കാന്‍ യു.എന്‍ രക്ഷാ സമിതി സ്ഥിരാംഗങ്ങള്‍ അടക്കമുള്ള അന്താരാഷ്ട്ര സമൂഹം തങ്ങളുടെ അധികാരം ഉപയോഗിക്കണം. യു.എന്‍ റിലീഫ് ഏജന്‍സിയുടെ പ്രവര്‍ത്തനം വിലക്കുന്ന നിയമം ഇസ്രായില്‍ പാര്‍ലമെന്റ് പാസാക്കിയത് ഫലസ്തീന്‍ ജനതയുടെ ജീവിത സാഹചര്യങ്ങള്‍ തകര്‍ക്കാനും ബലം പ്രയോഗിച്ച് കുടിയിറക്കാനുമുള്ള ദയനീയ ശ്രമങ്ങളുടെ ഭാഗമാണെന്നും ഡോ. അബ്ദുറഹ്മാന്‍ അല്‍റസി പറഞ്ഞു.