ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച പ്രൊഫഷനല്‍ പൊലീസ് സേനകളിലൊന്നാണ് ദുബായ് പൊലീസ്. ഒരു ദിവസമെങ്കിലും അവര്‍ക്കൊപ്പം സേവനം ചെയ്യാന്‍ അവസരത്തിനായി കാത്തിരിക്കുന്നവരാണോ നിങ്ങള്‍. എന്നാലിതാ ഒരു സന്തോഷ വാര്‍ത്ത. യുഎഇയില്‍ പ്രവാസികളായ ഏതു രാജ്യക്കാര്‍ക്കും ഒരു ദിവസം വൊളണ്ടിയറായി സേവനം ചെയ്യാന്‍ ദുബായ് പൊലീസ് അവസരമൊരുക്കുന്നുണ്ട്. ഇതിനായി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സേവനം പൂര്‍ത്തിയാക്കിയാല്‍ ദുബയ് പൊലീസിന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കും.
ഹ്യുമാനിറ്റേറിയന്‍, സോഷ്യല്‍, സെക്യൂരിറ്റി, ക്രിമിനല്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പൊലീസിനൊപ്പം സേവനം ചെയ്യാന്‍ അവസരമുണ്ടാകും. അപേക്ഷ നല്‍കേണ്ടത് എങ്ങനെ എന്നു നോക്കാം.
ആദ്യമായി ദുബായ് പൊലീസിന്റെ വെബ്‌സൈറ്റില്‍ കയറി Community Services ഇനിഷ്യേറ്റീവ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ തുറന്നുവരുന്ന മെനുവില്‍ ഏറ്റവും ഒടുവിലായി നല്‍കിയിരിക്കുന്ന Volunteer Platform എന്ന ടാബിലെ അപ്ലൈ ബട്ടൻ ക്ലിക്ക് ചെയ്താല്‍ അപേക്ഷിക്കാം. ഏതൊക്കെ സേവനങ്ങള്‍ക്കാണ് വൊളണ്ടിയര്‍മാരെ ആവശ്യമുള്ളതെന്ന് ഇവിടെ നിന്ന് അറിയാം. ലഭ്യമായ സേവനം തിരഞ്ഞെടുക്കാം.
യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അറ്റാച്ച് ചെയ്യണം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും എമിറേറ്റ്‌സ് ഐഡിയുമാണ് ആവശ്യമായ രേഖകള്‍. ശേഷം സബ്മിറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ട്രാന്‍സാക്ഷന്‍ നമ്പര്‍ എസ്എംഎസ് ആയും ഇമെയിലിലും ലഭിക്കും. തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കായി ഈ ട്രാന്‍സാക്ഷന്‍ നമ്പറാണ് ഉപയോഗിക്കേണ്ടത്. സേവന സന്നദ്ധതയുള്ളവര്‍ക്ക് ശ്രമിക്കാവുന്നതാണ്.