ഷാർജയിൽ ചിലയിടങ്ങളിൽ പേ പാർക്കിങ് സമയം രാത്രി പന്ത്രണ്ട് വരെ നീട്ടി. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന സോണുകളിലാണ് ഫീസ് നൽകേണ്ട സമയം അർധരാത്രി വരെ നീട്ടിയത്.

നവബംർ ഒന്ന് മുതലാണ് ഷാർജയിൽ പെയ്ഡ് പാർക്കിങിന്റെ പുതിയ സമയക്രമം നിലവിൽ വരിക. വാരാന്ത്യ അവധി ദിവസങ്ങളിലും, പൊതു അവധി ദിവസങ്ങളിലും പാർക്കിങ് ഫീസ് ബാധകമായ മേഖലകളിലാണ് പേ പാർക്കിങ് സമയം നീട്ടിയത്.
നവംബർ ഒന്ന് മുതൽ ഈ മേഖലകളിൽ വാഹനം നിർത്തിയിടാൻ രാവിലെ എട്ട് മുതൽ രാത്രി 12 വരെ ഫീസ് നൽകേണ്ടി വരും. നേരത്തേ രാവിലെ എട്ട് മുതൽ രാത്രി പത്ത് വരെയായിരുന്നു ഈ മേഖലകളിൽ പാർക്കിങ് ഫീസ് ബാധകമായിരുന്നത്. തിരക്കേറിയ ഈ മേഖലകളിൽ പാർക്കിങ് കൂടുതൽ സുഗമമാക്കാനാണ് ഫീസ് നൽകേണ്ട സമയം ദീർഘിപ്പിക്കുന്നതെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.