ദമ്മാം: സൗദിയിൽ 2024ൽ രജിസ്റ്റർ ചെയ്യപ്പെട്ട തൊഴിൽ തർക്ക പരാതികളിൽ വലിയ വർധനവ് രേഖപ്പെടുത്തി. ഈ വർഷം ഇതു വരെയുള്ള കണക്കുകൾ പ്രകാരം 31 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. ഇതുവരെയായി 107000 കേസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രജിസറ്റർ ചെയ്തതായി നീതിന്യായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. തൊഴിലുടമയും ജീനക്കാരും തമ്മിലുള്ള കരാർ ലംഘനം, ശമ്പളം ലഭിക്കുന്നതിലെ കാലതാമസം എന്നിവയുമായി ബന്ധപ്പെട്ടതാണ് പരാതികളിൽ അധികവും. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്.

തൊഴിലുടമകളും ജിവനക്കാരും തമ്മിലുള്ള കരാർ ലംഘനങ്ങൾ, വേതന പരിഷ്‌കരണവും കാലതാമസവും, അലവൻസുകൾ, നഷ്ടപരിഹാരം, അവാർഡുകളും സേവന സർട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിലെ താമസം എന്നിവ കോടതികളിലെത്തുന്ന കേസുകളുടെ എണ്ണം വർധിപ്പിക്കുന്നു. കോടതിക്ക് പുറത്ത് പരിഹരിക്കപ്പെടാത്ത തർക്കങ്ങളാണ് നീതിന്യായ മന്ത്രാലയങ്ങളുടെ മുന്നലേക്ക് എത്തുന്നത്. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പരാതികൾ- 35000 കേസുകൾ. മക്കയിൽ 25000 വും, കിഴക്കൻ പ്രവിശ്യയിൽ 17000 കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടു. അൽബഹ മേഖലയിലാണ് ഏറ്റവും കുറഞ്ഞ കേസുകൾ 151 എണ്ണം. ഗാർഹീക തൊഴിലാളികളുടെ തർക്കങ്ങളുൾപ്പെടെയുള്ള പരാതികൾ ഏകീകരിച്ചതാണ് കേസുകളുടെ എണ്ണം വർധിക്കുന്നതിന് ഇടയാക്കിയതെന്നാണ് കരുതുന്നത്.