റിയാദ് – സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലെ അല്‍ഖൈറുവാന്‍ ഡിസ്ട്രിക്ടില്‍ ആസൂത്രണം ചെയ്ത ലോകത്തെ ഏറ്റവും വലിയ ഡൗണ്‍ടൗണ്‍ പദ്ധതിയായ ന്യൂ അല്‍മുറബ്ബയുടെ ഭാഗമായ അല്‍മുകഅബ് ടവറിന്റെ നിര്‍മാണ ജോലികള്‍ക്ക് തുടക്കം. ബില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി 2023 ഫെബ്രുരി 16 ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പ്രഖ്യാപിച്ചത്.
അറബിയിലുള്ള പേര് അര്‍ഥമാക്കുന്നതു പോലെ 400 മീറ്റര്‍ ഉയരവും 400 മീറ്റര്‍ വീതിയും 400 മീറ്റര്‍ നീളവുമുള്ള ക്യൂബ് രൂപത്തിലുള്ള കെട്ടിടമാണ് 5,000 കോടി ഡോളര്‍ ചെലവഴിച്ച് നിര്‍മിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായി ഇത് മാറും.
അമേരിക്കയിലെ അംബര ചുംബിയായ എംപയര്‍ ബില്‍ഡിന് സമാനമായ 20 കെട്ടിടങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായിരിക്കും അല്‍മുകഅബ്. ഒരൊറ്റ കെട്ടിടത്തിനകത്ത് ഒരു ഫ്യൂച്ചറിസ്റ്റിക് നഗരമായി വിഭാവനം ചെയ്യപ്പെടുന്ന അല്‍മുകഅബിന് 20 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുണ്ടാകും. സൗദി അറബ്യേയുടെ നഗരഭൂപ്രകൃതി പുനര്‍നിര്‍മിക്കാനുള്ള വിപുലമായ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്. റെസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍, ഹോട്ടലുകള്‍, ഓഫീസ് സ്‌പേസുകള്‍, റീട്ടെയില്‍, ഡൈനിംഗ്, ഉല്ലാസ സ്ഥാപനങ്ങള്‍ എന്നിവ ഇവിടെയുണ്ടാകും.
2030 ഓടെ എണ്ണയിതര മൊത്തം ആഭ്യന്തരോല്‍പാദനം വര്‍ധിപ്പിച്ചും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും എണ്ണയെ ആശ്രയിക്കുന്നത് കുറക്കുക എന്ന ലക്ഷ്യത്തോടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 ന്റെ ഭാഗമാണ് ന്യൂ അല്‍മുറബ്ബ പദ്ധതി.
സന്ദര്‍ശകരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഇമ്മേഴ്‌സീവ്, എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യ നടപ്പിലാക്കാനും അല്‍മുകഅബ് പ്രൊജക്ട് ഡെലവപ്പര്‍മാര്‍ പദ്ധതിയിടുന്നു. കെട്ടിടത്തിന്റെ പുറംഭാഗത്ത് ലാസ് വെഗാസിലെതിനു സമാനമായി കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും. സൗദി അറേബ്യയുടെ പരമ്പരാഗതവും പ്രകൃതിദത്തവുമായ പൈതൃകത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അല്‍മുകഅബിന്റെ വാസ്തുവിദ്യ തയാറാക്കിയിരിക്കുന്നത്. പുറംഭാഗത്തിന്റെ ക്യൂബ് ആകൃതി നജ്ദി വാസ്തുവിദ്യാ ശൈലിയാണ് എടുത്തുകാണിക്കുന്നത്. മണ്‍കട്ടകളും ജ്യാമിതീയ ജാലക രൂപകല്‍പനകളും ഇതിന്റെ സവിശേഷതകളാണ്. അതേസമയം, ചുറ്റുമുള്ള പ്രദേശം മരുഭൂ താഴ്‌വരകളുടെ രൂപം ആവര്‍ത്തിക്കും. ടവര്‍ നിര്‍മിക്കുന്ന ഡൗണ്‍ടൗണിന്റെ കാഴ്ചകള്‍ അടങ്ങിയ വീഡിയോ സൗദി അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
പുതിയ ഡൗണ്‍ടൗണ്‍ പദ്ധതി നടപ്പാക്കാന്‍ ന്യൂ അല്‍മുറബ്ബ ഡെവലപ്‌മെന്റ് കമ്പനിയെന്ന പേരില്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ക്കനുസൃതമായി തലസ്ഥാന നഗരിയുടെ ഭാവി വികസിപ്പിക്കാന്‍ പുതിയ ഡൗണ്‍ടൗണ്‍ പദ്ധതി സഹായകമാകും. ഹരിത ഇടങ്ങള്‍, നടപ്പാതകള്‍, ആരോഗ്യ-കായിക ആശയങ്ങളും കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കല്‍ എന്നിവ അടക്കം ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതിനെയും സുസ്ഥിരതാ മാനദണ്ഡങ്ങള്‍ പ്രയോഗിക്കുന്നതിനെയും ന്യൂ മുറബ്ബ പദ്ധതി രൂപകല്‍പനകള്‍ക്ക് ആശ്രയിക്കുന്നു. നൂതനമായ മ്യൂസിയം, സാങ്കേതിക-ഡിസൈന്‍ സര്‍വകലാശാല, ബഹുമുഖ ഉപയോഗത്തിനുള്ള തിയേറ്റര്‍, തത്സമയ പ്രകടനങ്ങള്‍ക്കും വിനോദത്തിനുമായി 80 ലേറെ പ്രദേശങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
വടക്കു പടിഞ്ഞാറന്‍ റിയാദില്‍ കിംഗ് സല്‍മാന്‍, കിംഗ് ഖാലിദ് റോഡുകള്‍ സന്ധിക്കുന്ന ഇന്റര്‍സെക്ഷനു സമീപം 19 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് പുതിയ ഡൗണ്‍ടൗണ്‍ പദ്ധതി നടപ്പാക്കുന്നത്. രണ്ടര കോടിയിലേറെ ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുള്ള നിര്‍മിതികള്‍ അടങ്ങിയ പദ്ധതിക്ക് ലക്ഷക്കണക്കിന് നിവാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടാകും. ഇവിടെ 1,04,000 പാര്‍പ്പിട യൂനിറ്റുകളും 9,000 ഹോട്ടല്‍ മുറികളും 9,80,000 ചതുരശ്രമീറ്ററിലേറെ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന വ്യാപാര ഏരിയകളും 14 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഓഫീസ് സ്‌പേസും 6,20,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ വിനോദ കേന്ദ്രങ്ങളും 18 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ കമ്മ്യൂണിറ്റി സ്ഥാപനങ്ങളുമുണ്ടാകും. ജീവിക്കാനും ജോലി ചെയ്യാനും വിനോദത്തിനും അതുല്യമായ അനുഭവം പ്രദാനം ചെയ്യുന്ന പുതിയ പദ്ധതിയില്‍ ആഭ്യന്തര ഗതാഗത സൗകര്യങ്ങളുണ്ടാകും.
ഇവിടെ നിന്ന് എയര്‍പോര്‍ട്ടിലേക്ക് 20 മിനിറ്റ് കാര്‍ യാത്രാ ദൂരമാണുള്ളത്. റിയാദ് നഗരത്തിന്റെ ആഗോള സാംസ്‌കാരിക ചിഹ്നമെന്നോണമാണ് ന്യൂ അല്‍മുറബ്ബ പദ്ധതി പ്രദേശത്ത് 400 മീറ്റര്‍ ഉയരവും 400 മീറ്റര്‍ വീതിയും 400 മീറ്റര്‍ നീളവുമുള്ള ക്യൂബ് ഐക്കണ്‍ നിര്‍