ദുബായ്: ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കുറവ് വരുത്തിക്കൊണ്ട് യുഎഇ ഗവണ്‍മെന്റ് ട്രാഫിക് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പുതിയ ഫെഡറല്‍ ഡിക്രി നിയമം പ്രഖ്യാപിച്ചു. 2025 മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമ പ്രകാരം 17 വയസ്സുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ അനുമതിയുണ്ടാകും. നിലവില്‍ കാറുകളും ചെറുവാഹനങ്ങളും ഓടിക്കാന്‍ ഒരാള്‍ക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം എന്നാണ് നിയമം.
വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതാണ് മറ്റൊരു നിയമഭേദഗതി. വാഹനാപകടമോ മറ്റ് അത്യാഹിതങ്ങളോ തടയാന്‍ അല്ലാതെ നഗരങ്ങളില്‍ ഹോണുകള്‍ ഉപയോഗിക്കാന്‍ പുതിയ പ്രകാരം വാഹനങ്ങളെ അനുവദിക്കില്ല. മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡ് മുറിച്ചുകടക്കുന്നതില്‍ നിന്നും കാല്‍നടയാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പാലിക്കാത്തവര്‍ക്കെതിരേ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ലഹരിപാനീയങ്ങളുടെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തില്‍ വാഹനമോടിക്കുക, ആളെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോകുക, നിരോധനം ഉള്ള സ്ഥലങ്ങളില്‍ നിന്ന് റോഡ് മുറിച്ചുകടക്കുക, വെള്ളപ്പൊക്ക സമയത്ത് താഴ്വരയില്‍ വാഹനമോടിക്കുക എന്നിങ്ങനെ കൂടുതല്‍ ഗൗരവമുള്ള കേസുകളില്‍ വലിയ തുക പിഴ ഈടാക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭാവിയില്‍ അവരും മറ്റുള്ളവരും ഇത്തരം ഗുരുതരമായ തെറ്റുകള്‍ ആവര്‍ത്തിക്കാതിക്കാനുള്ള ഒരു പ്രതിരോധ മാര്‍ഗമെന്ന നിലയിലാണ് ഇവര്‍ക്കെതിരായ പിഴ ശിക്ഷ ഉള്‍പ്പെടെയുള്ള നടപടികള്‍ കര്‍ക്കശമാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. അപകടകരമായ വസ്തുക്കളോ അസാധാരണമായ ലോഡുകളോ കൊണ്ടുപോകുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും പുതിയ നിയമം പറയുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കും.
‘ലോകമെമ്പാടുമുള്ള ഗതാഗതത്തിന്റെ ദ്രുതഗതിയിലുള്ള പരിണാമത്തിന് അനുസൃതമായി രാജ്യത്തെ ഗതാഗതനിയമത്തിലും മാറ്റം വരുത്തുകയെന്നതാണ് പുതിയ നിയമ ഭേദഗതികള്‍ ലക്ഷ്യമിടുന്നതെന്ന് യുഎഇ സര്‍ക്കാര്‍ അറിയിച്ചു. സെല്‍ഫ് ഡ്രൈവിംഗിന്റെയും ഇലക്ട്രിക് വാഹനങ്ങളുടെയും വര്‍ദ്ധിച്ചുവരുന്ന ഉപയോഗം കൂടി പരിഗണിച്ച് അവയെയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വാഹനങ്ങളുടെ വര്‍ഗ്ഗീകരണങ്ങള്‍ ക്രമീകരിക്കാനും പുതിയ നിയമം നിര്‍ദ്ദേശിക്കുന്നുണ്ട്. കൂടാതെ, സ്വയം ഡ്രൈവിംഗ് വാഹനങ്ങള്‍ പരിശോധിക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും ലൈസന്‍സ് നല്‍കുന്നതിനും അവയുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുമുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും വാഹന വ്യവസായത്തില്‍ പുതിയ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും പുതിയ നിയമം അനുശാസിക്കുന്നുണ്ട്.