ദോഹ: ആകാശ യാത്രയിൽ സൗജന്യ ഇന്റർനെറ്റ് സംവിധാനവുമായി ഖത്തർ എയർവേസ്. ഇന്ന് ദോഹയിൽ നിന്നും ലണ്ടനിലേക്ക് പറന്ന വിമാനത്തിലാണ് സ്റ്റാർ ലിങ്കിന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയത്. സ്റ്റാർലിങ്ക് കണക്ടിവിറ്റി പ്രയോജനപ്പെടുത്തുന്ന മിഡിലീസ്റ്റിലെ ആദ്യ വിമാനക്കമ്പനിയെന്ന പ്രത്യേകതയോടെയാണ് ഖത്തർ എയർവേസിന്റെ ബോയിങ് 777 വിമാനം ലണ്ടനിലേക്ക് പറന്നത്.
യാത്രക്കാർക്ക് ബോർഡിങ് ഗേറ്റ് മുതൽ തന്നെ അൾട്രാ ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭ്യമായിത്തുടങ്ങും. ഇതുമൂലം ആകാശയാത്രക്കിടയിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താം. ബിസിനസ് മീറ്റിങ്ങുകൾ ഉൾപ്പടെയുള്ളവയ്ക്ക് മുടക്കവും ഉണ്ടാകില്ല. ഈ വർഷം അവസാനത്തോടെ ഖത്തർ എയർവേസിന്റെ 12 വിമാനങ്ങളിൽ ഇന്റർനെറ്റ് സംവിധാനം ലഭ്യമാകും.
2025 ൽ ഖത്തർ എയർവേസിന്റെ മുഴുവൻ ബോയിങ് 777 വിമാനങ്ങളിലും എയർബസ് 350 വിമാനങ്ങലിലും യാത്രക്കാർക്ക് ഇന്റർനെറ്റ് സൗകര്യം ആസ്വദിക്കാം. എലോൺ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സ് ലഭ്യമാക്കുന്ന സ്റ്റാർലിങ്ക് ലോകത്തെ ആദ്യത്തെ സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനമാണ്.
