റിയാദ്: ജോര്‍ദാന്‍ അതിര്‍ത്തി കടന്ന് 1.2 ദശലക്ഷം കാപ്റ്റഗണ്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി പരാജയപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ജോര്‍ദാനുമായി അതിര്‍ത്തി പങ്കിടുന്ന ഹാലത്ത് അമ്മാര്‍ ക്രോസിംഗ് വഴി രാജ്യത്തിലെത്തിയ ചരക്ക് വാഹനത്തില്‍ നിന്നാണ് വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. മാര്‍ബിള്‍ മിക്സര്‍ ചരക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കാപ്റ്റഗന്‍ ഗുളികകള്‍ കണ്ടെത്തിയതെന്ന് സൗദി സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) അറിയിച്ചു. കസ്റ്റംസ് നടപടിക്രമങ്ങള്‍ക്കിടെ മയക്കുമരുന്ന് ശേഖരം ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
മയക്കുമരുന്ന് പിടികൂടിയ ശേഷം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളുമായി സഹകരിച്ച് ചരക്ക് സ്വീകരിക്കാനെത്തിയ രണ്ട് പേരെ തന്ത്രപരമായി പിടികൂടിയതായും സൗദി സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. കണ്ടെയിനറിലെത്തിയ സാധനങ്ങളെ കുറിച്ച് സംശയം തോന്നിയ അധികൃതര്‍, മയക്കുമരുന്ന് വേട്ടയില്‍ പ്രത്യേകം പരിശീലനം നേടിയ ഡോഗ് സ്‌കാഡിന്റെ സഹായത്തോടെ മയക്കുമരുന്നിന്റെ സാന്നിധ്യം ഉറപ്പാക്കുകയും അതിനു ശേഷം പെട്ടികള്‍ പൊളിച്ച് ഗുളികകള്‍ സൂക്ഷിച്ച കവറുകള്‍ പുറത്തെടുക്കുകയുമായിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരടക്കം മുതിര്‍ന്ന 16 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കടത്ത്, വിതരണ ശൃംഖലയെ കഴിഞ്ഞ ദിവസം അധികൃതര്‍ കണ്ടെത്തി തകര്‍ത്തിരുന്നു. ഇവരടക്കം 21 പേരെയാണ് റിയാദില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമായി പിടികൂടിയത്. ഇവരില്‍ നിന്ന് വലിയ തോതില്‍ മയക്കുമരുന്നുകളും പിടിച്ചെടുത്തിരുന്നു. സൗദി തലസ്ഥാനമായ റിയാദിലേക്ക് പരിസര പ്രദേശങ്ങളിലേക്കും മയക്കുമരുന്ന് കടത്തുന്നതിനും അവ വില്‍പ്പനയ്ക്കായി ഡീലര്‍മാര്‍ക്ക് എത്തിച്ചു നല്‍കുന്നതിനും നേതൃത്വം നല്‍കിവന്നിരുന്ന സംഘത്തെയാണ് സുപ്രധാന നടപടിയിലൂടെ അധികൃതര്‍ കണ്ടെത്തി തകര്‍ത്തത്.
ഇതുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ സൂചനകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായായിരുന്നു ഓപ്പറേഷന്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളിന്റെ നേതൃത്വത്തില്‍ രാജ്യത്തെ മറ്റ് സുരക്ഷാ- അന്വേഷണ ഏജന്‍സികളുടെ സഹകരണത്തോടെയായിരുന്നു നടപടി. ആഭ്യന്തര മന്ത്രാലയത്തിനു പുറമെ, ദേശീയ ഗാര്‍ഡ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരും അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ടിരുന്നു.
വാഴപ്പഴ കയറ്റുമതിയില്‍ ഒളിപ്പിച്ച 55 കിലോ കൊക്കെയ്ന്‍ കടത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം പരാജയപ്പെടുത്തിയതായിരുന്നു മറ്റൊരു പ്രധാന സംഭവം. മക്ക മേഖലയുടെ ഭാഗമായ റാബിഗ് ഗവര്‍ണറേറ്റിലെ കിംഗ് അബ്ദുള്ള തുറമുഖത്ത് വിദേശത്ത് നിന്നെത്തിയ കപ്പലിലായിരുന്നു മയക്കുമരുന്ന് എത്തിച്ചത്. ഇതേരീതിയില്‍ വാഴപ്പഴത്തില്‍ ഒളിപ്പിച്ച് 236 കിലോ കൊക്കെയ്ന്‍ കടത്താനുള്ള ശ്രമം സെപ്തംബറിലും പരാജയപ്പെടുത്തിയതായി സൗദി ലഹരി വിരുദ്ധ പോലീസ് അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ സൗദി സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ച് ഇതേ തുറമുഖത്ത് വെച്ചായിരുന്നു കൊക്കെയിന്‍ പിടികൂടിയത്.