ദമ്മാം: സൗദിയിൽ റെയിൽവേ പിഴകൾക്കെതിരെ അപ്പീൽ നൽകാനുള്ള സമപരിധി അറുപത് ദിവസമാക്കി നിശ്ചയിച്ചു. റെയിൽവേയുടെ നിയമലംഘനങ്ങൾ പരിഗണിക്കുന്നതിനുള്ള കമ്മിറ്റിയുടെ നിയമാവലിയും പുറത്തിറക്കി. ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് അംഗീകാരം നൽകിയത്. മൂന്ന് മാസത്തിനകം പരാതികളിന്മേൽ സമിതി അന്തിമ തീരുമാനം പുറപ്പെടുവിക്കണം.
സൗദി റെയിൽ സംവിധാനത്തിന്റെയും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെയും ലംഘനങ്ങൽ അവലോകനം ചെയ്യുന്നതിനുള്ള കമ്മിറ്റിയുടെ പ്രവർത്തന നിയമാവലിക്ക് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകാരം നൽകി. മാസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ഡ്രാഫ്റ്റ് നിയമവലി ചെറിയ മാറ്റങ്ങളോടെയാണ് അംഗീകരിച്ചത്. റെയിൽവേയുടെ പ്രവർത്തനത്തിൽ ഫ്രാഞ്ചൈസികൾക്കും ലൈസൻസികൾക്കും എതിരെയുള്ള പരാതികൾ. റെയിൽ സേവനങ്ങളിൽ ഗുണഭോക്താവിന് നേരിടേണ്ടി വരുന്ന ലംഘനങ്ങൾ, റെയിൽവേ അതോറിറ്റിയും ലൈസൻസിയും തമ്മിലുള്ള പരാതികൾ എന്നിവ പരിശോധിക്കുന്നതിനും തീർപ്പ് കൽപ്പിക്കുന്നതിനും സമിതിക്ക് ഉത്തരവാദിത്തം നൽകുന്നതാണ് ഉത്തരവ്.
നിയമ ലംഘനം റിപ്പോർട്ട് ചെയ്താൽ അറുപത് ദിവസത്തിനകം അപ്പീൽ നൽകിയിരിക്കണം. അപ്പീലിൽ പരമാവധി 90 ദിവസത്തിനകം സമിതി അന്തിമ വിധി പുറപ്പെടുവിക്കുകയും ചെയ്യും. അടിയന്തിര കേസുകളിൽ ഇത് 15 ദിവസത്തിനകവും നടപടി സ്വീകരിക്കണം. ലംഘനം തെളിയിക്കപ്പെട്ടാൽ ഗൗരവമനുസരിച്ച് പത്ത് ദശലക്ഷം റിയാൽ വരെ പിഴ ചുമത്താൻ സമിതിക്ക് അനുവാദമുണ്ട്. ലംഘനം ആവർത്തിക്കുന്ന കേസുകളിൽ പരമാവധി പിഴ 20 ദശലക്ഷം റിയാലായും നിജപ്പെടുത്തി.