അബുദാബി: യുഎഇയിലുടനീളമുള്ള പാസഞ്ചര്‍ ട്രെയിനുകളുടെ യാത്രാ സമയം വെളിപ്പെടുത്തി ഇത്തിഹാദ് റെയില്‍. കനത്ത ട്രാഫിക്കിനിടയിലൂടെ അബുദാബിയില്‍ നിന്ന് ദുബായിലേക്കുള്ള യാത്ര സാധാരണ രണ്ട് മണിക്കൂര്‍ എടുക്കുമെങ്കില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചുപായുന്ന ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിനില്‍ ഈ ദൂരം പിന്നിടാന്‍ വേണ്ടത് വെറും 57 മിനുട്ട്. ഉടന്‍ സര്‍വീസ് ആരംഭിക്കാനിരിക്കുന്ന ഇത്തിഹാദ് റെയില്‍ ഇതിന്റെ മുന്നോടിയായി യുഎഇയിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സമയങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
അബുദാബിയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള അല്‍ റുവൈസിലേക്ക് യാത്ര ചെയ്യാന്‍ ഇത്തിഹാദ് ട്രെയിനില്‍ 70 മിനിറ്റ് മതിയാകും. കൂടാതെ, അബുദാബിയില്‍ നിന്ന് കിഴക്കന്‍ എമിറേറ്റായ ഫുജൈറയിലേക്കുള്ള യാത്രകള്‍ 105 മിനിറ്റാണ് വേണ്ടിവരിക. കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങളും യാത്രാ സമയവും ഉടന്‍ വെളിപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. റുവൈസ്, അല്‍ മിര്‍ഫ, ഷാര്‍ജ, അല്‍ ദൈദ്, അബൂദാബി, ദുബായ് എന്നിവയുള്‍പ്പെടെ അല്‍ സില മുതല്‍ ഫുജൈറ വരെ വ്യാപിച്ചുകിടക്കുന്ന യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ഹൈടെക് പാസഞ്ചര്‍ ട്രെയിനുകള്‍ ബന്ധിപ്പിക്കും. പാസഞ്ചര്‍ സ്റ്റേഷനുകളുടെ രണ്ട് സ്ഥലങ്ങള്‍ അധികൃതര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തേത് ഫുജൈറയിലെ സകംകാമിലും രണ്ടാമത്തേത് ഷാര്‍ജയിലെ യൂണിവേഴ്‌സിറ്റി സിറ്റിയിലുമാണ് വരുന്നത്.
ഇത്തിഹാദ് റെയില്‍ അതിന്റെ പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരും മാസങ്ങളില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍വീസ് ആരംഭിക്കുന്ന കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം താമസിയാതെ അതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഎഇയിലെ സ്വദേശികളും പ്രവാസികളും. ഇത്തിഹാദ് റെയില്‍ പ്രവര്‍ത്തനക്ഷമമായാല്‍, പ്രതിവര്‍ഷം 36.5 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
2024 ജനുവരിയില്‍ അബുദാബി നഗരത്തിനും അല്‍ ദന്ന മേഖലയ്ക്കും ഇടയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പരീക്ഷണം ഓട്ടം നടത്തിയിരുന്നു. സില്‍വര്‍, ഗ്രേ നിറങ്ങളിലുള്ള കോച്ചുകളില്‍ ഫ്‌ളൈറ്റ് ക്ലാസുകള്‍ക്ക് സമാനമായ വ്യത്യസ്ത തരം ഇരിപ്പിടങ്ങളാണുള്ളത്. കോച്ചുകളിലുടനീളം 2+2 ഫോര്‍മാറ്റിലാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കമ്പാര്‍ട്ട്‌മെന്റുകള്‍ വൈദ്യുത വാതിലുകളാല്‍ വേര്‍തിരിച്ചിരിക്കുന്നു. കൂടാതെ ട്രെയിനിന്റെ ഓരോ കമ്പാര്‍ട്ടിമെന്റിലും ലൊക്കേഷന്‍, എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങള്‍ ടിവി സ്‌ക്രീനുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സംവിധാനമുണ്ട്. 15 ആഡംബര വണ്ടികളാണ് സര്‍വീസിനായി ഒരുക്കിയിട്ടുള്ളത്.
2021 ഡിസംബറില്‍ ആരംഭിച്ച 50 ബില്യണ്‍ ദിര്‍ഹം യുഎഇ റെയില്‍വേ പ്രോഗ്രാം രാജ്യത്തുടനീളം ചരക്കുകളും യാത്രക്കാരും എത്തിക്കുന്നതിനുള്ള ഏറ്റവും വലിയ സംയോജിത സംരംഭമാണ്. എമിറേറ്റുകളെയും രാജ്യത്തെ പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതികളുടെ ദേശീയ ശൃംഖലയുടെ ഭാഗമാണിത്. 2030-ഓടെ റെയില്‍വേ മേഖലയിലും അനുബന്ധ മേഖലകളിലുമായി 9,000-ത്തിലധികം തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ ഭൂരിഭാഗവും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. 2023 മുതല്‍ ചരക്ക് ഗതാഗതം നടന്നുവരുന്നുണ്ട്. ഈ മേഖലയിലെ ഏറ്റവും ആധുനിക ചരക്ക് ട്രെയിനുകളുടെ ഫ്‌ളീറ്റില്‍ 38 ലോക്കോമോട്ടീവുകള്‍ ഉള്‍പ്പെടുന്നു. പ്രതിവര്‍ഷം 60 ദശലക്ഷം ടണ്‍ ചരക്കുകള്‍ കടത്താന്‍ ഇവയ്ക്ക് ശേഷിയുണ്ട്.