റിയാദ്: പുതിയ നിക്ഷേപ നിയമം ഉള്‍പ്പെടെ വിവിധ സംരംഭങ്ങളിലൂടെ ലോജിസ്റ്റിക്സ്, ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള നീക്കവുമായി സൗദി അറേബ്യ. ഇതിന്‍റെ ഭാഗമായി സൗദിയിലെ നാല് വിമാനത്താവളങ്ങളുടെ നിയന്ത്രണത്തിനും നടത്തിപ്പിനും സ്വകാര്യ ഓപ്പറേറ്റര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു. റിയാദില്‍ നടന്ന ഗ്ലോബല്‍ ലോജിസ്റ്റിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഏതാനും മാസങ്ങള്‍ക്കിടയില്‍ തന്നെ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു തന്ത്രപ്രധാനമായ പ്രാദേശിക കേന്ദ്രമായും ലോജിസ്റ്റിക്സ് ഗേറ്റ്വേയായും മാറാനുള്ള സൗദി അറേബ്യയുടെ ലക്ഷ്യത്തിന്‍റെ ഭാഗമായി തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണെന്ന് അദദ്ദേഹം പറഞ്ഞു. 2030-ഓടെ രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഈ മേഖലയുടെ സംഭാവന 6 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയര്‍ത്താനാണ് ദേശീയ ലോജിസ്റ്റിക് സ്ട്രാറ്റജി ശ്രമിക്കുന്നത്.
‘സര്‍ക്കാര്‍ നേരിട്ടുള്ള ബിസിനസ് പങ്കാളിത്തത്തില്‍ നിന്ന് മാറുകയാണ്. സ്വകാര്യമേഖലയെ ശാക്തീകരിക്കുകയും പ്രാപ്തമാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്,” അല്‍ ഫാലിഹ് പറഞ്ഞു. രാജ്യത്തിന്‍റെ ഏറ്റവും കാര്യക്ഷമമായ വിമാനത്താവളമായ മദീന വിമാനത്താവളം ദീര്‍ഘകാല ഇളവോടെ ഒരു സ്വകാര്യ ഓപ്പറേറ്ററാണ് കൈകാര്യം ചെയ്യുന്നതെന്നും സര്‍ക്കാര്‍ മൂലധനച്ചെലവില്ലാതെ നിര്‍മ്മിച്ച കിംഗ് അബ്ദുല്ല തുറമുഖം സ്വകാര്യമായി പ്രവര്‍ത്തിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന മാസങ്ങളിലും വര്‍ഷങ്ങളിലും, കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിലേക്ക് രാജ്യം നീങ്ങുമെന്നും നാല് വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം ഒരു തുടക്കം മാത്രമാണെന്നും അല്‍ ഫാലിഹ് കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയിലെപുതിയ നിക്ഷേപ നിയമം ലോജിസ്റ്റിക്സിലും ഗതാഗതത്തിലും ഗണ്യമായ നിക്ഷേപം ആകര്‍ഷിക്കും. നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതുക്കിയ നിക്ഷേപ നിയമത്തിന് ഓഗസ്റ്റില്‍ രാജ്യം അംഗീകാരം നല്‍കിയിരുന്നു. ഈ നിയമത്തില്‍ നിക്ഷേപകര്‍ക്ക് ശക്തമായ സംരക്ഷണം, നിയമവാഴ്ച, ന്യായമായ പെരുമാറ്റം, സ്വത്തവകാശം, ശക്തമായ ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, കാര്യക്ഷമമായ ഫണ്ട് കൈമാറ്റം എന്നിവ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് സഹകരണ കൗണ്‍സിലിനുള്ളില്‍ ഒരു പ്രാദേശിക വിതരണ ശൃംഖല സ്ഥാപിക്കേണ്ടതിന്‍റെ പ്രാധാന്യം അല്‍-ഫാലിഹ് ഊന്നിപ്പറഞ്ഞു. സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ക്ക് അവരുടെ തന്ത്രപരമായ ഭൂമിശാസ്ത്രപരമായ സ്ഥാനം ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ കാര്യമായ അവസരങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.