ജിദ്ദ – വിദേശ തൊഴിലാളികളുടെ ഇഖാമ നഷ്ടപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ജവാസാത്ത് ഡയറക്ടറേറ്റ് വിശദീകരിച്ചു. ജവാസാത്തിന്റെ മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് കീഴിലെ തൊഴിലാളികളുടെ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് മുഖീം പോര്‍ട്ടല്‍ വഴി അറിയിക്കുകയാണ് വേണ്ടത്. മുഖീം പോര്‍ട്ടലില്‍ പ്രവേശിച്ച് നഷ്ടപ്പെട്ട ഇഖാമയുടെ നമ്പര്‍ നല്‍കി വിദേശിയുടെ പേരുവിവരങ്ങളും മറ്റും പരിശോധിക്കാന്‍ കഴിയും. ഇതിനു ശേഷം ജവാസാത്ത് സേവനം തെരഞ്ഞെടുത്ത് ഇഖാമ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യണം.
തുടര്‍ന്ന് പുതിയ ഇഖാമക്കു വേണ്ടി ഏറ്റവും അടുത്തുള്ള ജവസാത്ത് ഡയറക്ടറേറ്റ് ഓഫീസിനെ നേരിട്ട് സമീപിക്കണം. ഇഖാമ നഷ്ടപ്പെട്ടതായി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് ഇത് റദ്ദാക്കാനോ പഴയ ഇഖാമ വീണ്ടും ഉപയോഗിക്കാനോ കഴിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ ഇഖാമ ഇഷ്യു ചെയ്യാന്‍ ഇഖാമ നഷ്ടപ്പെട്ടതായി നല്‍കിയ പരാതിയുടെ സ്റ്റാറ്റസ് നിരീക്ഷിക്കുകയാണ് വേണ്ടതെന്നും ജവാസാത്ത് പറഞ്ഞു.
അതേസമയം, ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പതിനാലു മാസം മുമ്പ് പുതുക്കാവുന്നതാണെന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറുപടിയായി ജവാസാത്ത് പറഞ്ഞു. കാലാവധി അവസാനിക്കാന്‍ പതിനാലു മാസത്തില്‍ കുറവ് ശേഷിക്കെ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാവുന്നതാണ്. സ്വകാര്യ മേഖലാ ജീവനക്കാരുടെ ഇഖാമ ആറു മാസത്തില്‍ കുറവ് കാലാവധി ശേഷിക്കെയും പുതുക്കാവുന്നതാണ്. സ്വകാര്യ മേഖലാ ജീവനക്കാരുടെ ഇഖാമ പുതുക്കാന്‍ കാലാവധിയുള്ള വര്‍ക്ക് പെര്‍മിറ്റും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയും ഉണ്ടായിരിക്കണമെന്നും ജവാസാത്ത് പറഞ്ഞു.