അബുദാബി: അടുത്ത അഞ്ച് മാസത്തിനിടയില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ഇത്തിഹാദ് എയര്‍വെയ്‌സ്. അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇത്തിഹാദ് സര്‍വീസ് നടത്തുന്ന എയര്‍പോര്‍ട്ടുകളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 20 ശതമാനം കിഴിവാണ് വിമാനക്കമ്പനി ഓഫര്‍ ചെയ്തിരിക്കുന്നത്. യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയര്‍വേയ്സ് അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങിയതിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് 20 ശതമാനം ഡിസ്‌കൗണ്ട് ഓഫറുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ പരിമിത കാലത്തേക്ക് മാത്രമാണ് ഓഫറെന്ന് ഇത്തിഹാദ് അധികൃതര്‍ അറിയിച്ചു. സാധുതയുള്ളതാണ് ഈ വര്‍ഷം ഒക്ടോബര്‍ 1 മുതല്‍ 2025 മാര്‍ച്ച് 15 വരെയുള്ള യാത്രകള്‍ക്കായി സെപ്റ്റംബര്‍ 21വരെ എടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് ഡിസ്‌കൗണ്ട് ലഭിക്കുക. നിലവില്‍ ഇത്തിഹാദ് എയര്‍ലൈന്‍ ഇന്ത്യയിലുടനീളമുള്ള 11 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ 176 ഫ്‌ളൈറ്റ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന സര്‍വീസുകള്‍ ഉള്‍പ്പെടെയാണിത്.
2004 സെപ്റ്റംബർ 26ന് ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിച്ചത് മുതല്‍, ഇത്തിഹാദ് എയര്‍ലൈന്‍സ് 172,000ലധികം വിമാനങ്ങള്‍ സർവീസ് നടത്തുകയും 26 ദശലക്ഷത്തിലധികം യാത്രക്കാരെ ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയില്‍ യാത്ര ചെയ്യാന്‍ സഹായിക്കുകയും ചെയ്തതായി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
2004 സെപ്റ്റംബര്‍ 26ന് മുംബൈയിലേക്കായിരുന്നു ഇത്തിഹാദിന്റെ ആദ്യ സര്‍വീസ്. 2004 ഡിസംബര്‍ ഒന്നിന് ന്യൂഡല്‍ഹിയിലേക്കും സര്‍വീസ് തുടങ്ങി. തുടര്‍ന്നുള്ള ദശാബ്ദങ്ങളില്‍ എയര്‍ലൈനിന്റെ ശൃംഖല ഗണ്യമായി വികസിച്ചു. ഈ വര്‍ഷമാദ്യം തിരുവനന്തപുരം, കോഴിക്കോട്, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഫ്‌ളൈറ്റുകള്‍ കൂടി വന്നതോടെ ഇത്തിഹാദ് ഇന്ത്യയിലെ 11 കേന്ദ്രങ്ങളിലേക്കാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
ഇത്തിഹാദിന്റെ തന്ത്രപ്രധാനമായ വിപണിയാണ് ഇന്ത്യയെന്നും ഇന്ത്യയിലേക്കുള്ള സര്‍വീസിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ഇത്തിഹാദ് എയര്‍വേയ്സ് സിഇഒ അന്റൊണാള്‍ഡോ നെവ്‌സ് പറഞ്ഞു. 2004ല്‍ ഇത്തിഹാദ് മുംബൈയിലേക്ക് ഫ്‌ളൈറ്റുകള്‍ ആരംഭിച്ചപ്പോള്‍ അത് ഇത്തിഹാദിന്റെ എട്ടാമത്തെ ആഗോള ലക്ഷ്യസ്ഥാനമായിരുന്നു. നിലവില്‍ 80 ആഗോള ലക്ഷ്യങ്ങളിലേക്ക് ഇത്തിഹാദിന്റെ സര്‍വീസ് വ്യാപിച്ചു കഴിഞ്ഞു. 2030ഓടെ 125 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് ഇത്തിഹാദ് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്തെ അപേക്ഷിച്ച് ഇത്തിഹാദം എയര്‍ലൈന്‍ വിമാനങ്ങള്‍ നിലവില്‍ ഇന്ത്യയിലേക്ക് ആഴ്ചയില്‍ 50ലധികം അധിക ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.