റിയാദ്: തൊഴില്‍ നിയമങ്ങളില്‍ വീണ്ടും പരിഷ്‌ക്കാരങ്ങളുമായി സൗദി അറേബ്യ. തൊഴില്‍ റിക്രൂട്ട്‌മെന്‍റുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കേണ്ടത് തൊഴിലുടമയാണെന്നും കരാര്‍ ബന്ധം അവസാനിപ്പിച്ചതിന് ശേഷം തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള റിട്ടേണ്‍ ടിക്കറ്റ് ചെലവ് വഹിക്കേണ്ട ഉത്തരവാദിത്തവും തൊഴിലുടമകള്‍ക്കാണെന്നും ഉള്‍പ്പെടെയുള്ള നിരവധി വ്യവസ്ഥകളാണ് സൗദി തൊഴില്‍ നിയമം മുന്നോട്ടുവയ്ക്കുന്നത്. തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. എതിര്‍പ്പുകളോ തിരുത്തലോ ശിപാര്‍ശ ചെയ്തില്ലെങ്കില്‍ ആറ് മാസത്തിനകം ഉത്തരവ് പ്രാബല്യത്തില്‍ വരും. രണ്ടാഴ്ച മുമ്പ് സൗദി മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളാണ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്.
പുതിയ നിയമ പരിഷ്‌ക്കാരങ്ങള്‍ പ്രകാരം, റസിഡന്‍സ് വിസ ഫീസ്, വര്‍ക്ക് പെര്‍മിറ്റ് ഫീസ്, ഇവ രണ്ടും പുതുക്കുന്നതിനുള്ള ഫീസുകള്‍, അക്കാര്യത്തില്‍ വരുന്ന കാലതാമസം മൂലം ഉണ്ടാകുന്ന പിഴകള്‍ എന്നിവ ഉള്‍പ്പെടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട എല്ലാ ചെലവുകള്‍ക്കും തൊഴിലുടമകള്‍ ഉത്തരവാദികളാണ്. കൂടാതെ, തൊഴിലാളിയുടെ തൊഴില്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട ചെലവുകളും എക്‌സിറ്റ്, റിട്ടേണ്‍ ചെലവുകളും തൊഴിലുടമ വഹിക്കണം.
തൊഴിലുടമയും തൊഴിലാളിയുമായുള്ള തൊഴില്‍ കരാര്‍ അവസാനിക്കുന്ന സന്ദര്‍ഭങ്ങളില്‍, തൊഴിലാളിക്ക് അവരുടെ മാതൃരാജ്യത്തേക്കുള്ള മടക്ക ടിക്കറ്റ് നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. എന്നാല്‍ തൊഴിലാളി ജോലിക്ക് അനുയോജ്യനല്ലാത്തത് കൊണ്ടാണ് തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നത് എങ്കിലോ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തൊഴിലാളി തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലോ റിട്ടേണ്‍ ടിക്കറ്റിന്‍റെ ചെലവ് തൊഴിലുടമ വഹിക്കേണ്ടതില്ല. അത് തൊഴിലാളി തനനെ കണ്ടെത്തണമെന്നും പുതിയ നിയമ പരിഷ്‌ക്കരണത്തില്‍ വ്യക്തമാക്കി.
തൊഴിലാളിയുടെ സേവനങ്ങള്‍ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറാന്‍ തൊഴിലാളി ആഗ്രഹിക്കുന്ന പക്ഷം, വര്‍ക്ക് പെര്‍മിറ്റ് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട ഫീസ് വഹിക്കേണ്ട ഉത്തരവാദിത്തവും തൊഴിലുടമയ്ക്ക് തന്നെയാണെന്ന് പുതുക്കിയ നിയമം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, ഒരു തൊഴിലാളി അവരുടെ ജോലി സമയത്ത് മരണപ്പെട്ടാല്‍, തൊഴിലാളിയുടെ മൃതദേഹം അവരുടെ ജന്മദേശത്തേക്കോ അവരെ റിക്രൂട്ട് ചെയ്ത സ്ഥലത്തേക്കോ തിരികെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും തൊഴിലുടമ വഹിക്കണം. എന്നാല്‍ മൃതദേഹം സൗദി അറേബ്യയില്‍ സംസ്‌കരിക്കാന്‍ ബന്ധുക്കളുമായി ധാരണയെത്തുകയാണെങ്കില്‍ അതിന്‍റെ ആവശ്യമില്ലെന്നും പുതിയ നിയമഭേദഗതി അനുശാസിക്കുന്നു.
അപകട ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചാൽ പണി കിട്ടും
സൗദിയില്‍ വിദേശികളുടെ അവധിയും രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പുതിയ നിയമ ഭേദഗതി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരിഷ്‌കരിച്ച നിയമപ്രകാരം തൊഴിലാളികള്‍ രാജിക്കത്തു നല്‍കിയാല്‍ 60 ദിവസം വരെ ഇത് അംഗീകരിക്കാതിരിക്കാന്‍ തൊഴിലുടമക്ക് അധികാരമുണ്ട്. തൊഴിലാളിയില്ലാതെ സ്ഥാപനത്തിന് മുന്നോട്ട് പോകാനാകാത്ത സാഹചര്യത്തിലാണ് സ്ഥാപനപനത്തിന് ഈ നിലപാട് സ്വീകരിക്കാനാവുക. എന്നാല്‍ ഇത് സംബന്ധിച്ച് തൊഴിലാളിക്ക് തൊഴിലുടമ രേഖമൂലമുള്ള അറിയിപ്പ് നല്‍കണം.
ഏതു സാഹചര്യത്തിലായാലും തൊഴിലാളി രാജി നോട്ടീസ് നല്‍കിയത് മുതല്‍ 30 ദിവസത്തിനകം തൊഴിലുടമ അതിന് മറുപടി നല്‍കണം. 30 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ രാജി സ്വീകരിക്കപ്പെട്ടതായി പരിഗണിക്കും. എന്നാല്‍ രാജിക്കത്ത് സ്വീകരിക്കുന്നത് നീട്ടിവെക്കുന്നുവെന്ന അറിയിപ്പ് തൊഴിലാളിക്ക് നല്‍കിയാല്‍, നീട്ടി വെച്ച കാലയളവ് അവാസാനിക്കുന്നതോടെയാണ് കരാര്‍ അവസാനിക്കുക. രാജി സമര്‍പ്പിച്ച തൊഴിലാളിക്ക് ഏഴു ദിവസത്തിനകം രാജി പിന്‍വലിക്കാന്‍ അവകാശമുണ്ടെന്നും പുതിയ നിയമഭേദഗതി പറയുന്നു. എന്നാല്‍ ഏഴു ദിവസത്തിനകം തൊഴിലുടമ രാജി സ്വീകരിക്കുകയാണെങ്കില്‍ പിന്‍വലിക്കാന്‍ കഴിയില്ല.