ജിദ്ദ – സൗദിയില്‍ വാഹനങ്ങളിലെ ഇന്ധനം തീര്‍ന്ന് തീര്‍ന്ന് വഴിയില്‍ കുടുങ്ങിയാലും ഇനി മുതല്‍ ഇന്ധനമന്വേഷിച്ച് ഉപയോക്താക്കള്‍ അലയേണ്ടതില്ല. ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് സാസ്‌ക്കോ കമ്പനിയുടെ മൊബൈല്‍ പെട്രോള്‍ ബങ്ക് കുത്തിച്ചെത്തും. ഉപയോക്താക്കള്‍ക്ക് നൂതന സേവനങ്ങള്‍ നല്‍കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് മൊബൈല്‍ പെട്രോള്‍ ബങ്ക് സേവനം സാസ്‌കോ കമ്പനി ആരംഭിച്ചിരിക്കുന്നത്. സാസ്‌കോ ആപ്പ് വഴിയാണ് പുതിയ സേവനം പ്രയോജനപ്പെടുത്തേണ്ടത്.
ഉപയോക്താക്കളുടെ അനുഭവം സമ്പന്നമാക്കാനും കൂടുതല്‍ കാര്യക്ഷമമായി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ലക്ഷ്യമിട്ടാണ് പുതിയ സേവനം കമ്പനി ആരംഭിച്ചിരിക്കുന്നത്. പെട്രോള്‍ ബങ്കുകള്‍ സന്ദര്‍ശിക്കുന്നതിനു പകരം ഇന്ധന സേവനങ്ങള്‍ ഉപയോഗിക്കാന്‍ സൗകര്യവും വഴക്കവും തേടുന്ന ഉപയോക്താക്കള്‍ക്ക് മൊബൈല്‍ പെട്രോള്‍ ബങ്ക് സേവനം നൂതനമായ ഒരു ഓപ്ഷന്‍ നല്‍കുന്നു.
വീടുകളിലും ജോലി സ്ഥലങ്ങളിലും യാത്രകള്‍ക്കിടെയും തങ്ങളുടെ സ്ഥലങ്ങളിലെത്തി സേവനം നല്‍കാന്‍ മൊബൈല്‍ പെട്രോള്‍ ബങ്ക് സേവനം പ്രയോജനപ്പെടുത്താന്‍ ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഉപഭോക്തൃ സേവനത്തിലെ ആധുനിക ട്രെന്‍ഡുകള്‍ക്ക് അനുസൃതമായ നൂതനമായ പരിഹാരങ്ങള്‍ നല്‍കിക്കൊണ്ട് സാസ്‌കോ നടത്തിയ ഈ ചുവടുവെപ്പ് സാങ്കേതിക വികാസങ്ങളുമായും ഇന്നത്തെ കാലത്ത് ഉപയോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങളുമായും പൊരുത്തപ്പെട്ടുപോകുന്നു. ആപ്പ് സ്‌റ്റോറിലും ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ് ഗ്യാലറിയിലും സാസ്‌കോ ആപ്പ് ലഭ്യമാണ്.