ജിദ്ദ – പുതിയ അധ്യയന വര്‍ഷത്തില്‍ സൗദിയിലെ സ്വകാര്യ സ്‌കൂളുകളിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ട്യൂഷന്‍ ഫീസ് 1,20,000 റിയാലാണെന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ സ്‌കൂളൂകളിലാണ് ഏറ്റവും ഉയര്‍ന്ന ഫീസ് ഈടാക്കുന്നത്. റിയാദിലെയും മദീനയിലെയും ഇന്റര്‍മീഡിയറ്റ്, സെക്കണ്ടറി സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ സ്‌കൂളുകളില്‍ വാര്‍ഷിക ട്യൂഷന്‍ ഫീസ് 1,20,000 റിയാലാണ്. മറ്റു സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ 10,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെയാണ് ശരാശരി വാര്‍ഷിക ട്യൂഷന്‍ ഫീസ്.
സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസുകള്‍ പരിശോധിക്കാന്‍ മുഴുവന്‍ രക്ഷകര്‍ത്താക്കള്‍ക്കും അവസരമൊരുക്കുന്നത് സ്‌കൂളുകള്‍ നേരിട്ട് സന്ദര്‍ശിക്കാനുള്ള ബുദ്ധിമുട്ടില്ലാതെ തന്നെ സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസുകള്‍ തമ്മില്‍ താരതമ്യം ചെയ്യാന്‍ സഹായിക്കുന്നതായി സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളുമാരും സൂപ്പര്‍വൈസര്‍മാരും പറഞ്ഞു. ഇതുവരെ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസുകള്‍ അറിയാന്‍ ഏറെ സമയവും അധ്വാനവും ആവശ്യമായിരുന്നു. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കിയ പോര്‍ട്ടലില്‍ രാജ്യത്തെ മുഴുവന്‍ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെയും ട്യൂഷന്‍ ഫീസുകള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
സ്‌കൂളുകളുടെ കാര്യക്ഷമത, സൗകര്യങ്ങള്‍, പഠന പ്രോഗ്രാമുകള്‍, പാഠ്യപദ്ധതികള്‍, സ്‌കൂള്‍ കെട്ടിടത്തിന്റെ രൂപകല്‍പന, ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അനുപാതം, പ്രാദേശിക, റീജ്യനല്‍, അന്താരാഷ്ട്ര തലങ്ങളില്‍ സ്‌കൂളുകള്‍ കൈവരിച്ച നേട്ടങ്ങള്‍, പരീക്ഷാ ഫലങ്ങള്‍ എന്നിവക്കുള്ള സൂചനയാണ് ട്യൂഷന്‍ ഫീസുകള്‍ തമ്മിലെ ഏറ്റക്കുറച്ചിലുകള്‍.
സൂക്ഷ്മമായി പഠിച്ചും വിലയിരുത്തിയുമാണ് ട്യൂഷന്‍ ഫീസുകള്‍ നിക്ഷേപകരും സ്‌കൂള്‍ ഉടമകളും നിര്‍ണയിക്കുന്നത്. സ്‌കൂളുകള്‍ തമ്മിലെ മത്സരവും സ്‌കൂളുകളിലെ സൗകര്യങ്ങളും സജ്ജീകരണങ്ങളും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സേവനങ്ങളും കണക്കിലെടുത്ത് ട്യൂഷന്‍ ഫീസ് എല്ലാ വര്‍ഷവും പുനഃപരിശോധിക്കുന്നു. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന നഗരത്തിനും ഓരോ നഗരത്തിലെയും ഡിസ്ട്രിക്ടുകള്‍ക്കും ട്യൂഷന്‍ ഫീസ് നിര്‍ണയിക്കുന്നതില്‍ പങ്കുണ്ട്. അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും പരിചയസമ്പത്തും ട്യൂഷന്‍ ഫീസ് നിര്‍ണയിക്കുന്നതില്‍ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ട്യൂഷന്‍ ഫീസുകള്‍ ശരിയാംവിധം നിര്‍ണയിക്കുന്നതില്‍ വരുത്തുന്ന ഏതു വീഴ്ചകളും സ്‌കൂളുകളില്‍ നിന്ന് രക്ഷകര്‍ത്താക്കളെ അകറ്റിനിര്‍ത്താനും നിക്ഷേപകര്‍ക്ക് നഷ്ടം നേരിടാനും ഇടയാക്കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാളുമാരും സൂപ്പര്‍വൈസര്‍മാരും പറയുന്നു.
സൗദിയിലെ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസുകള്‍ അറിയാന്‍ https://fef.moe.gov.sa എന്ന ലിങ്കില്‍ പ്രവേശിച്ച് രക്ഷകര്‍ത്താവിന്റെ സേവനം, സ്‌കൂള്‍ ഫീസ് സെര്‍ച്ച് എന്നീ ഐക്കണുകള്‍ തെരഞ്ഞെടുത്ത് സ്‌കൂള്‍ വിവരങ്ങള്‍ എന്ന ഐക്കണില്‍ നിന്ന് പ്രവിശ്യയും സ്‌കൂളും നിര്‍ണയിച്ച് സെര്‍ച്ച് ബട്ടണില്‍ അമര്‍ത്തുകയാണ് വേണ്ടത്.
സൗദിയിലെ മുഴുവന്‍ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെയും ട്യൂഷന്‍ ഫീസുകളെ കുറിച്ച് അന്വേഷിക്കാന്‍ അവസരമൊരുക്കുന്ന ഇ-ലിങ്ക് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഏര്‍പ്പെടുത്തിയത്. സുതാര്യത വര്‍ധിപ്പിക്കാനും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കാനുമുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ താല്‍പര്യത്തിന്റെ ഭാഗമായാണ് പുതിയ സേവനം. ഇത് വ്യക്തവും അറിയാവുന്നതുമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് ഉചിതമായ സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ സുഗമമാക്കുന്നു.
ഓരോ സ്‌കൂളിലെയും ട്യൂഷന്‍ ഫീസിനെ കുറിച്ച് പ്രത്യേകം അന്വേഷിക്കാന്‍ ഇ-ലിങ്ക് അനുവദിക്കുന്നു. കൂടാതെ ആ സ്‌കൂളുകളില്‍ നല്‍കുന്ന വിദ്യാഭ്യാസത്തിന്റെയും സേവനങ്ങളുടെയും ഗുണനിലവാരം പ്രതിഫലിപ്പിക്കുന്ന കാര്യക്ഷമതാ ഡാറ്റ പരിശോധിക്കാനും രക്ഷകര്‍ത്താക്കള്‍ക്ക് ഇ-ലിങ്ക് സൗകര്യമൊരുക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയെ കുറിച്ച് തികഞ്ഞ അവബോധത്തോടെ തീരുമാനങ്ങളെടുക്കാന്‍ രക്ഷകര്‍ത്താക്കളളെ സഹായിക്കുന്ന ഒരു പ്രധാന ഉപകരണമാണ് ഈ ഡാറ്റ. രക്ഷകര്‍ത്താക്കള്‍ക്ക് കൃത്യവും വിശ്വസനീയവുമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.
സൗദിയില്‍ വിദ്യാഭ്യാസ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
എല്ലാവര്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കുന്നത് എളുപ്പമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള