ദുബായ്: റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികളും പ്രവൃത്തികളും നടക്കുന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം. പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രാഫിക് ബ്ലോക്കുകളും പ്രതീക്ഷിക്കാമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ജുമൈറ സ്ട്രീറ്റിാണ് റോഡിലെ അറ്റകുറ്റപ്പണികള്‍ കാരണം യാത്ര വൈകാനിടയുള്ള ഒരു പ്രദേശം.
ജുമൈറ സ്ട്രീറ്റിലെ അല്‍ മനാറ സ്ട്രീറ്റിനും ഉമ്മുല്‍ ശെയ്ഫ് റോഡിനും ഇടയില്‍ ഇരു ദിശകളിലേക്കും ഓഗസ്റ്റ് 12 വരെയുള്ള ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണവും അതുമൂലം ഗതാഗതക്കുരുക്കും പ്രതീക്ഷിക്കാം. അല്‍ മനാറ സ്ട്രീറ്റ് ഇന്റര്‍സെക്ഷനും അല്‍ താനിയ സ്ട്രീറ്റ് ഇന്റര്‍സെക്ഷനും ഇടയില്‍ രണ്ട് ദിശകളിലും ഓഗസ്റ്റ് 17 മുതല്‍ ഓഗസ്റ്റ് 19 വരെയുള്ള ദിവസങ്ങളിലും സ്ഥിതി സമാനമായിരിക്കും. മെര്‍ക്കാറ്റോയ്ക്ക് സമീപമുള്ള ഭാഗത്ത് രണ്ട് ദിശകളിലും ഓഗസ്റ്റ് 24 മുതല്‍ ഓഗസ്റ്റ് 26 വരെയും നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ആര്‍ടിഎ പ്രസ്താവനയില്‍ അറിയിച്ചു.
കാലതാമസം ഒഴിവാക്കാനും ലക്ഷ്യസ്ഥാനത്ത് കൃത്യസമയത്ത് എത്തിച്ചേരുമെന്ന് ഉറപ്പാക്കാനും ട്രാഫിക് സിഗ്‌നലുകള്‍ പിന്തുടരുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കാനും വാഹനമോടിക്കുന്നവരോട് ആര്‍ടിഎ നിര്‍ദ്ദേശിച്ചു. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ദുബായില്‍ നിന്ന് അല്‍ ഐനിലേക്കുള്ള റോഡിലും ഗതാഗതക്കുരുക്ക് ഉണ്ടാവാനിടയുണ്ട്. ആര്‍ടിഎയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് പ്രകാരം, ദുബായുടെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ദുബായ്- അല്‍ ഐന്‍ റോഡില്‍ അഞ്ചാമത്തെ കവല പാലത്തിന് താഴെ ജബല്‍ അലി- ലെഹ്ബാബ് റോഡില്‍ ഇരു ദിശകളിലേക്കും ഗതാഗതക്കുരുക്ക് മുന്‍കൂട്ടിക്കാണണം. അറ്റകുറ്റപ്പണികള്‍ പ്രവൃത്തിദിവസങ്ങളില്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെയാണ് നടക്കുക. സെപ്റ്റംബര്‍ 9വരെ പാലത്തിന്റെ നവീകരണ പ്രവൃത്തികള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
അല്‍ ഐനില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ ജബല്‍ അലി – ലെഹ്ബാബ് റോഡില്‍ നിന്ന് ഹത്തയിലേക്കുള്ള സൗജന്യ എക്‌സിറ്റ് വഴി വാഹനങ്ങള്‍ വഴി തിരിച്ചുവിടും. തുടര്‍ന്നുള്ള ആദ്യത്തെ റൗണ്ട് എബൗട്ടില്‍ നിന്ന് യു-ടേണ്‍ എടുത്താണ് വാഹനങ്ങള്‍ ദുബായിലേക്ക് പ്രവേശിക്കേണ്ടത്. ദുബായില്‍ നിന്ന് അല്‍ ഐനിലേക്ക് യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ ജബല്‍ അലി – ലെഹ്ബാബ് റോഡിലേക്ക് ജബല്‍ അലി തുറമുഖത്തേക്കുള്ള സൗജന്യ എക്‌സിറ്റ് വഴി പ്രവേശിക്കണം. ഇവിടെയും ആദ്യ റൗണ്ട് എബൗട്ടില്‍ നിന്ന് യു-ടേണ്‍ എടുത്താണ് അല്‍ ഐനിലേക്കുള്ള റോഡില്‍ പ്രവേശിക്കാനാവുക.
എമിറേറ്റ്‌സ് റോഡിലും ഗതാഗതക്കുരുക്കുണ്ടാകാന്‍ സാധ്യതയുള്ളതായി വാഹനമോടിക്കുന്നവര്‍ക്ക് ആര്‍ടിഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ള ദിശയില്‍ ഹത്ത റോഡിന്റെയും അല്‍ ഐന്‍ റോഡിന്റെയും കവലകള്‍ക്കിടയില്‍ വാഹനമോടിക്കുന്നവര്‍ക്കാണ് ഗതാഗതക്കുരുക്ക് നേരിടേണ്ടിവരിക. അറ്റകുറ്റപ്പണികള്‍ നടക്കുന്ന ഇവിടെ ഓഗസ്റ്റ് 31 വരെ ട്രാഫിക് നിയന്ത്രണങ്ങള്‍ തുടരും. ഗതാഗതക്കുരുക്ക് മുന്നില്‍ക്കണ്ട് യാത്രക്കാര്‍ അവരുടെ യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്നും ട്രാഫിക് അടയാളങ്ങള്‍ പാലിക്കണമെന്നും ആര്‍ടിഎ അറിയിച്ചു.