GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇസ്‌ലാമികകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന നാല്‍പത്തിനാലാമത് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിന് തുടക്കം

ജിദ്ദ – ഇസ്‌ലാമികകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന നാല്‍പത്തിനാലാമത് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിന് തുടക്കം. സ്വഫര്‍ അഞ്ചു (ഇന്ന്) മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ വിശുദ്ധ ഹറമിലാണ് മത്സരം നടക്കുന്നത്. അഞ്ചു വിഭാഗങ്ങളില്‍ നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് ആകെ 40 ലക്ഷം റിയാല്‍ ക്യാഷ് പ്രൈസ് ലഭിക്കും.

പരമ്പരാഗതമായി സ്ഥിരീകരിക്കപ്പെട്ട ഏഴു ശൈലികളില്‍ പാരായണം ചെയ്യാനുള്ള കഴിവോടെ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കല്‍, ആശയം വ്യാഖ്യാനിക്കാനുള്ള കഴിവോടെ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കല്‍, തജ്‌വീദ് നിയമങ്ങള്‍ പാലിച്ച് നന്നായി പാരാണം ചെയ്യാനുള്ള കഴിവോടെ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കല്‍, തുടര്‍ച്ചയായ 15 ജുസ്ഉകള്‍ (ഭാഗങ്ങള്‍) മനഃപാഠമാക്കല്‍, തുടര്‍ച്ചയായ അഞ്ചു ജുസ്ഉകള്‍ മനഃപാഠമാക്കല്‍ എന്നീ അഞ്ചു വിഭാഗങ്ങളിലാണ് മത്സരം നടക്കുക.

ഒന്നാം വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മത്സരാര്‍ഥിക്ക് അഞ്ചു ലക്ഷം റിയാല്‍ ക്യാഷ് പ്രൈസ് ലഭിക്കും. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കാനും മനസ്സിലാക്കാനും പാരായണം ചെയ്യാനും പ്രോത്സാഹിപ്പിക്കാനും ലോകത്ത് ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിസുമാര്‍ക്കിടയില്‍ മാന്യമായ മത്സരം പ്രോത്സാഹിപ്പിക്കാനും വളര്‍ന്നുവരുന്ന തലമുറയെ വിശുദ്ധ ഖുര്‍ആനുമായി ബന്ധിപ്പിക്കാനും മറ്റുമാണ് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.

മത്സരാര്‍ഥികള്‍ക്ക് സൗദിയില്‍ വന്നുപോകാനുള്ള മുഴുവന്‍ ചെലവും സൗദി അറേബ്യയാണ് വഹിക്കുന്നത്. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസിനു പുറമെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സമ്മാനങ്ങളും വിതരണം ചെയ്യും. കിസ്‌വ നിര്‍മാണ കോംപ്ലക്‌സ് സന്ദര്‍ശനം, മസ്ജിദുന്നബവി സിയാറത്ത്, മക്കയിലെയും മദീനയിലെയും ചരിത്ര കേന്ദ്രങ്ങളുടെ സന്ദര്‍ശനം, ഹറം, മസ്ജിദുന്നബവി ഇമാമുമാരായി കൂടിക്കാഴ്ച നടത്താനും സംവദിക്കാനുമുള്ള അവസരം എന്നിവയെല്ലാം മത്സരാര്‍ഥികള്‍ക്ക് ഒരുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരാണ് മത്സരത്തില്‍ വിധികര്‍ത്താക്കളാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!