ദുബായ്: ദുബായിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ കമ്പനിയായ സാലിക് തങ്ങളുടെ ഓഹരികളിലെ നിക്ഷേപത്തിന് പ്രതിമാസ വരുമാനം 35,600 ദിര്‍ഹം അഥവാ എട്ട് ലക്ഷത്തിലേറെ രൂപ വാഗ്ദാനം ചെയ്യുന്നു എന്ന അവകാശവാദവുമായി വെബ്‌സൈറ്റ്. സാലിക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇബ്രാഹിം അല്‍ ഹദ്ദാദിന്റെ ചിത്രം ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റില്‍, പുതിയ ട്രേഡിംഗ് പ്ലാറ്റ്ഫോം വഴി സാലിക് ഷെയറുകളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിന് സര്‍ക്കാരുമായി ഒരു കരാറില്‍ ഒപ്പുവച്ചുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും നല്‍കിയിട്ടുണ്ട്.
250 ഡോളര്‍ (ഏകദേശം 917 ദിര്‍ഹം) മുതല്‍ ആരംഭിക്കുന്ന സാലിക്ക് ഷെയറുകളില്‍ നിക്ഷേപിച്ച് പ്രതിമാസം 9,700 ഡോളര്‍ (ഏകദേശം 35,600 ദിര്‍ഹം) വരെ സമ്പാദിക്കാനുള്ള സുവര്‍ണമാവസരമാണിതെന്നാണ് വെബ്‌സൈറ്റിലെ അവകാശവാദം. തന്ത്രപരമായി രൂപകല്‍പ്പന ചെയ്ത വെബ്‌സൈറ്റില്‍ വ്യക്തികളോട് അവരുടെ പേര്, ഇമെയില്‍ വിലാസം, യുഎഇ മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ സമര്‍പ്പിക്കാന്‍ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ ഇത് തങ്ങളുടെ ലോഗോയും സിഇഒയുടെ ഫോട്ടോയും വച്ചുണ്ടാക്കിയ വ്യാജ വെബ്‌സൈറ്റാണെന്നും ആരും തട്ടിപ്പിന് ഇരയാവരുതെന്നുമുള്ള പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സാലിക് കമ്പനി. സാലിക്കിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള തെറ്റായ വാഗ്ദാനങ്ങള്‍ ഈയിടെയായി കൂടിവരുന്നതായി ദുബായില്‍ ലിസ്റ്റുചെയ്ത കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. തങ്ങളുടെ നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതിന്റെ ഔദ്യോഗിക ചാനലുകളിള്‍ നല്‍കുമെന്നും അവിടെ നിന്ന് മാത്രമേ അവ സ്വീകരിക്കാവൂ എന്നും ദുബായ് ടോള്‍ ഓപ്പറേറ്റര്‍ കമ്പനി തങ്ങളുടെ ഉപഭോക്താക്കളെ ആഹ്വാനം ചെയ്തു.
ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സാലിക് ഓഹരികള്‍ യു.എ.ഇ ദിര്‍ഹത്തിലാണ് വ്യാപാരം ചെയ്യുന്നത്. വെബ്സൈറ്റ് അവകാശപ്പെടുന്നത് പോലെ ഡോളറിലല്ലെന്നും അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച, സാലിക്കിന്റെ ഓഹരികള്‍ 0.595 ശതമാനം ഉയര്‍ന്ന് 3.380 ദിര്‍ഹത്തിലാണ് ക്ലോസ് ചെയ്തത്. ബിസിനസ് മോഡലിന് കുറഞ്ഞ മൂലധനച്ചെലവുകള്‍ ആവശ്യമുള്ളതിനാല്‍ സാലിക്ക് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള ഓഹരികളില്‍ ഒന്നാണ്. ഇത് മുതലെടുക്കാനാണ് തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
ഈ വെബ്‌സൈറ്റ് വഴിയുള്ള നിക്ഷേപം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്കാണ് പോവുക. കമ്പനിയുടെ പേര് ദുരുപയോഗം ചെയ്യുന്ന വഞ്ചനാപരമായ വെബ്സൈറ്റുകള്‍, ഇമെയിലുകള്‍, സോഷ്യല്‍ മീഡിയ അഴിമതികള്‍ എന്നിവയ്‌ക്കെതിരേ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് സാലിക് പ്രസ്താവനയില്‍ ഉപദേശിച്ചു.