കുവൈറ്റ്: വിസിറ്റ് വിസയില്‍ കാലാവധി കഴിഞ്ഞ് സ്പോണ്‍സര്‍മാരോടൊപ്പം താമസിച്ച നിരവധി പ്രവാസികളെ നാടുകടത്താനുള്ള നടപടികള്‍ കുവൈറ്റ് ആരംഭിച്ചു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്‍റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിസിറ്റ് വിസ ചട്ടങ്ങളും തങ്ങൾ ഒപ്പുവച്ച സത്യപ്രസ്താവനയും പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് സന്ദർശകരെ അവരുടെ സ്പോൺസർമാർക്ക് ഒപ്പം നാടുകടത്തൽ നടപടികൾ സ്വീകരിക്കുന്നതെന്ന് ആഭ്യന്തര മ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സ്പോൺസർമാർക്ക് കാലാവധിയുള്ള റസിഡൻസി വിസ ഉണ്ടായിരിക്കെ തന്നെയാണ് ശിക്ഷാനടപടി എന്ന രീതിയിൽ ഇവരെ പുറത്താക്കുന്നതെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ റെസിഡന്‍സി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും സ്‌പോണ്‍സര്‍മാരെയും അവരുടെ സന്ദര്‍ശകരെയും ഉത്തരവാദിത്തത്തോടെ നിലനിര്‍ത്തുന്നതിനും ഇത് അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കും കുട്ടികള്‍ക്കും സന്ദര്‍ശന വിസ നേടിയ നിരവധി സ്ത്രീകള്‍ നിയമപരമായ കാലയളവ് കഴിഞ്ഞും അവരെ രാജ്യത്ത് തങ്ങാൻ അനുവദിച്ചതായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് റെസിഡന്‍സി അഫയേഴ്സ്, ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് വയലേറ്റേഴ്സ് ഫോളോ അപ്പ് തുടങ്ങിയവർ കണ്ടെത്തിയതോടെയാണ് നടപടി.
സ്‌പോണ്‍സര്‍മാര്‍ക്കും അവരുടെ സ്പോൺസർഷിപ്പിലുള്ള സന്ദര്‍ശകര്‍ക്കും എതിരെ ഇപ്പോള്‍ നിയമനടപടികള്‍ നടക്കുന്നതായും പ്രസ്താവനയിൽ അറിയിച്ചു. നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ സന്ദര്‍ശകരും അവരുടെ വിസയുടെ സമയപരിധി കര്‍ശനമായി പാലിക്കണമെന്നും കാലാവധി കഴിയുമ്പോള്‍ രാജ്യം വിടണമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.
യുഎഇയിലെ മനോഹര കാഴ്ച്ചകള്‍; നിര്‍ബന്ധമായും കാണണം ഈ സ്ഥലങ്ങള്‍
അനധികൃത താമസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കുവൈറ്റിന്‍റെ തൊഴില്‍ വിപണി കാര്യക്ഷമമാക്കുന്നതിനുമായി താമസ നിയമത്തില്‍ പുതിയ ഭേദഗതികള്‍ വരാനിരിക്കുന്നതായി ക്യാപിറ്റല്‍ റെസിഡന്‍സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ വാസാന്‍ സൂചിപ്പിച്ചു. താമസ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലാളികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും പുതിയ നടപടികള്‍ കര്‍ശനമായ പിഴകള്‍ ഏര്‍പ്പെടുത്തുമെന്ന് ഒരു ടിവി അഭിമുഖത്തില്‍ അല്‍ വാസാന്‍ വെളിപ്പെടുത്തി. മേല്‍നോട്ടം മെച്ചപ്പെടുത്തുന്നതിനും റിക്രൂട്ട്മെന്‍റ് നടപടിക്രമങ്ങള്‍ കാര്യക്ഷമം ആക്കുന്നതിനും തൊഴില്‍ വിപണി മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനുമാണ് നിയമ ഭേദഗതിയിലൂടെ കുവൈറ്റ് ലക്ഷ്യമിടുന്നത്.
ഭേദഗതികള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും കുവൈറ്റ് പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സംഭാവന നല്‍കുമെന്നും അല്‍ വാസാന്‍ പറഞ്ഞു.