GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഗാർഹിക തൊഴിലാളികൾക്ക് മികച്ച താമസസൗകര്യം ഉറപ്പാക്കി സൗദിയുടെ പുതിയ കെട്ടിട നിര്‍മാണ വ്യവസ്ഥകള്‍

ജിദ്ദ – സൗദിയില്‍ പരിഷ്‌കരിച്ച കെട്ടിട നിര്‍മാണ വ്യവസ്ഥകള്‍ വേലക്കാരികള്‍ക്കും ഹൗസ് ഡ്രൈവര്‍മാര്‍ക്കും മികച്ച താമസസൗകര്യം ഉറപ്പാക്കുന്നു. പാര്‍പ്പിട, വാണിജ്യ, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങള്‍ക്കുള്ള പരിഷ്‌കരിച്ച വ്യവസ്ഥകള്‍ മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. രാജ്യത്ത് പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്കെല്ലാം ഈ വ്യവസ്ഥകള്‍ ബാധകമായിരിക്കും.

ഹൗസ് ഡ്രൈവറുടെയും വേലക്കാരിയുടെയും മുറിയുടെ വീതി 2.1 മീറ്ററിലും ആകെ വിസ്തൃതി ആറര ചതുരശ്രമീറ്ററിലും കുറവാകാന്‍ പാടില്ലെന്ന് പുതിയ വ്യവസ്ഥകള്‍ അനുശാസിക്കുന്നു. നാലില്‍ കൂടുതല്‍ നിലകളുള്ള കെട്ടിടങ്ങളില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കാന്‍ ഏറ്റവും അടിയില്‍ പ്രത്യേക മുറി സജ്ജീകരിക്കണമെന്നും ഈ മുറിയിലേക്ക് മാലിന്യങ്ങള്‍ എറിയാന്‍ എല്ലാ നിലകളിലും സംവിധാനം ഏര്‍പ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.

റെസിഡന്‍ഷ്യല്‍ വില്ലകളുടെ താഴത്തെ നിലയിലെയും ഒന്നാം നിലയിലെയും നിര്‍മാണ അനുപാതം പ്ലോട്ടിന്റെ ആകെ വിസ്തൃതിയുടെ 70 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. കെട്ടിടങ്ങളുടെ ടെറസ്സുകളില്‍ നിര്‍മിക്കാന്‍ അനുവദിക്കുന്ന അനുബന്ധ പാര്‍പ്പിട സൗകര്യങ്ങളുടെ വിസ്തൃതി 70 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്. 400 ചതുരശ്രമീറ്ററും അതില്‍ കുറവും വിസ്തൃതിയുള്ള റെസിഡന്‍ഷ്യല്‍ വില്ലകളുടെ ഉടമസ്ഥാവകാശ പരിധിയില്‍ ഒരു കാര്‍ പാര്‍ക്കിംഗും 400 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള റെസിഡന്‍ഷ്യല്‍ വില്ലകളുടെ ഉടമസ്ഥാവകാശ പരിധിയില്‍ രണ്ടു കാര്‍ പാര്‍ക്കിംഗുകളും ഉണ്ടായിരിക്കണം.

വില്ലകളുടെ പരമാവധി ഉയരം 12 മീറ്ററില്‍ നിന്ന് 14 മീറ്ററായി പരിഷ്‌കരിച്ച വ്യവസ്ഥകളില്‍ ഉയര്‍ത്തിയിട്ടുണ്ട്. വില്ലകളുടെ വശങ്ങളിലെ മതിലുകളുടെ പരമാവധി ഉയരം മൂന്നര മീറ്ററില്‍ നിന്ന് നാലര മീറ്ററായും ഉയര്‍ത്തിയിട്ടുണ്ട്. ബഹുനില കെട്ടിടങ്ങളുടെ അണ്ടര്‍ ഗ്രൗണ്ട് കാര്‍ പാര്‍ക്കിംഗ് ആയി ഉപയോഗിക്കാന്‍ അനുവദിക്കും. ഇത്തരം സാഹചര്യങ്ങളില്‍ കാര്‍ പാര്‍ക്കിംഗ് ആയി ഉപയോഗിക്കുന്ന അണ്ടര്‍ ഗ്രൗണ്ട് നിയമാനുസൃത നിലകളുടെ എണ്ണത്തില്‍ ഉള്‍പ്പെടുത്തി കണക്കാക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!