മസ്‌കറ്റ്: ഒമാനില്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ലാത്തവരെ ജോലിക്കു നിയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും ഇത്തരം കേസുകളില്‍ 2000 ഒമാന്‍ റിയാല്‍ അഥവാ 4.35 ലക്ഷത്തിലേറെ രൂപ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്നും റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. അനധികൃത കുടിയേറ്റക്കാരെ സ്ഥാപനങ്ങളോ വ്യക്തികളോ ജോലിക്ക് നിയമിക്കുന്നത് ദേശവിരുദ്ധ നടപടിയായാണ് കണക്കാക്കുക.
ഒമാനി ലേബര്‍ നിയമം 53/2023 പ്രകാരം, ഒമാനില്‍ ജോലി ചെയ്യാന്‍ ലൈസന്‍സ് ഇല്ലാത്ത ഒമാനി ഇതര തൊഴിലാളിയെ ജോലിക്ക് നിയമിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. അനധികൃത കുടിയേറ്റക്കാര്‍ക്കു പുറമെ, മറ്റൊരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സ്പോണ്‍സര്‍ഷിപ്പിലുള്ള ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്നതും കുറ്റകരമാണ്. ഇത്തരം കേസുകളില്‍ 2000 റിയാല്‍ വരെ പിഴയ്ക്കു പുറമെ, 10 മുതല്‍ 30 ദിവസം വരെ തടവും ലഭിക്കുമെന്നും റോയല്‍ ഒമാന്‍ പോലീസിലെ ജോയിന്റ് ഓഫീസ് ഡയറക്ടര്‍ അലി ബിന്‍ സാലിം അല്‍ സവായ് പറഞ്ഞു.
ഇത്തരം തെറ്റായ പ്രവണതകള്‍ രാജ്യത്തിന്റെ സുരക്ഷ, സമ്പദ്വ്യവസ്ഥ, പൊതുജനാരോഗ്യം എന്നിവയെ നേരിട്ട് പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഇക്കാര്യത്തെ കുറിച്ചുള്ള ജാഗ്രത ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാവണം. രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റങ്ങളും കള്ളക്കടത്തും തടയുന്നതിന് അതിര്‍ത്തികളില്‍ ശക്തമായ നിരീക്ഷണ, സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഒമാന്‍ ഭരണകൂടം രൂപംനല്‍കിയിട്ടുണ്ട്. വലിയ പിഴയാണ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലും തൊഴില്‍ വിപണയിലും വലിയ ദോഷം വരുത്തിവയ്ക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നിയമവിരുദ്ധമായി രാജ്യത്ത് എത്തുന്നവരില്‍ ചിലര്‍ സ്വന്തം രാജ്യത്തോ മറ്റ് രാജ്യങ്ങളിലോ കുറ്റകൃത്യങ്ങള്‍ ചെയ്ത് രക്ഷപ്പെട്ട് എത്തിയവരാവാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകനും ജഡ്ജിയും കോടതിയുടെ മുന്‍ പ്രസിഡന്റുമായ ഡോ. ഖലീഫ ബിന്‍ സെയ്ഫ് അല്‍ ഹിനായ് അഭിപ്രായപ്പെട്ടു. ഇവരെ ജോലിക്ക് നിര്‍ത്തുന്നവരും അഭയം നല്‍കുന്നവരും അതുവഴി കുറ്റകൃത്യത്തില്‍ പങ്കാളികളാവുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ആയുധക്കടത്ത്, മയക്കുമരുന്ന് കടത്ത്, മറ്റു സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ഗുരുതരമായ കേസുകളില്‍ ഏര്‍പ്പെട്ടവരെ ജോലിക്കു നിര്‍ത്തുന്നത്, വ്യക്തികള്‍ക്കും അവരുടെ കുടുംബത്തിനും അപകടം വരുത്തിവയ്ക്കാനിടയുള്ള കാര്യമാണ്. ക്രിമിനല്‍ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവര്‍ അവരുടെ സ്വഭാവം എപ്പോള്‍ വേണമെങ്കിലും പുറത്തെടുക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.