റിയാദ്: നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന 11,655 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദി അറേബ്യ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 20,093 പേര്‍ പിടിയിലാവുകയും ചെയ്തു. ഇവരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജൂലൈ നാലിനും 10 നും ഇടയില്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സുരക്ഷാ ഏജന്‍സികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിയിലായത്. പിടികൂടപ്പെട്ടവരിലും നാടുകടത്തപ്പെട്ടവരിലും നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടും.
ഇവരില്‍ 12,460 പേര്‍ റെസിഡന്‍സി നിയമങ്ങളും, 5,400 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങളും, 2,233 പേര്‍ തൊഴില്‍ നിയമങ്ങളും ലംഘിച്ചതിനാണ് പിടിയിലായത്. 1,737 വ്യക്തികള്‍ രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ പടിയിലായി. അവരില്‍ 57 ശതമാനം പേര്‍ എത്യോപ്യക്കാരും 42 ശതമാനം പേര്‍ യമനികളും ബാക്കി ഒരു ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകര്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുകയും അഭയവും ജോലിയും നല്‍കുകയും ചെയ്ത 16 പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. നിയമങ്ങള്‍ ലംഘിച്ചതിന് നേരത്തേ പിടിയിലായി 18,209 പുരുഷന്മാരും 1,632 സ്ത്രീകളും ഉള്‍പ്പെടെ 19,841 പ്രവാസികളെ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്തിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കുന്നവര്‍ക്കും തൊഴില്‍, വിസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്കും ഗതാഗത സൗകര്യങ്ങളോ താമസ സൗകര്യങ്ങളോ ഏര്‍പ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരക്കാര്‍ക്ക് 15 വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 10 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും. അതോടൊപ്പം ഗതാഗതത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിച്ച വീടുകളും കണ്ടുകെട്ടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക, റിയാദ്, കിഴക്കന്‍ മേഖലകളില്‍ 911 എന്ന നമ്പരിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. നിയമങ്ങൾ ലംഘിച്ച് നിരവധി പേർ രാജ്യത്ത് കഴിയുന്നുണ്ട്.