അബുദാബി: യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് റെസിഡന്‍സ് വിസ പുതുക്കുന്നതിനൊപ്പം തന്നെ എമിറേറ്റ്‌സ് ഐഡിയും ഓണ്‍ലൈനായി പുതുക്കാന്‍ അവസരം. വിസ, എമിറേറ്റ്‌സ് ഐഡി സേവനങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതിന് അവസരമൊരുങ്ങിയത്.
അബുദാബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകളിലെ വിസ സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം ആരംഭിച്ചു. ഐസിപിയുടെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ നല്‍കിയ അറിയിപ്പില്‍, വിസ, ഐഡി പുതുക്കല്‍ അപേക്ഷ www.icp.gov.ae എന്ന വെബ്സൈറ്റ് വഴിയോ ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേസ്റ്റോറിലും ലഭ്യമായ ‘UAEICP’ എന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയോ പൂര്‍ത്തിയാക്കാമെന്ന് ഐസിപി അറിയിച്ചു. പുതിയ സൗകര്യം പ്രവാസികളെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്.
നടപടിക്രമങ്ങള്‍ എന്തൊക്കെ?
1. നിങ്ങളുടെ യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്വയം ഒരു ഉപയോക്താവായി രജിസ്റ്റര്‍ ചെയ്യുക. നേരത്തേ രജിസ്ട്രേഷന്‍ ചെയ്തവരാണെങ്കില്‍ സ്മാര്‍ട്ട് സേവനങ്ങളിലേക്ക് ലോഗിന്‍ ചെയ്യുക.
2. ‘റെസിഡന്‍സ് പെര്‍മിറ്റും എമിറേറ്റ്‌സ് ഐഡിയും പുതുക്കല്‍’ സേവനം തിരഞ്ഞെടുക്കുക.
3. അപേക്ഷ സമര്‍പ്പിക്കുക. ഡാറ്റ അവലോകനം ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്ത ശേഷം ഫീസ് അടയ്ക്കുക.
4. സാക്ഷ്യപ്പെടുത്തിയ ഡെലിവറി കമ്പനി വഴി നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി ലഭ്യമാകും.
അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. വിസ, ഐഡി പുതുക്കലിന് അപേക്ഷിക്കുമ്പോള്‍ നിങ്ങളുടെ ഐഡി നമ്പറും കാലഹരണ തീയതിയും കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
2. നിങ്ങളുടെ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഫീസ് അടയ്ക്കുന്നതിന് മുമ്പ് ഡിജിറ്റല്‍ അപേക്ഷാ ഫോമില്‍ നിങ്ങള്‍ നല്‍കുന്ന ഡാറ്റ ശരിയാണെന്ന് ഉറപ്പാക്കുക.
3. സാധുവായതും കൃത്യവുമായ ഡാറ്റ നല്‍കുന്നവരുടെ അപേക്ഷകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രോസസ്സ് ചെയ്യാന്‍ സാധിക്കും.
4. ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ പ്ലാറ്റ്ഫോമില്‍ നിങ്ങളുടെ ഡാറ്റ (ഉദാ. ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, ഡെലിവറി രീതി) ശരിയായി നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
5. നിങ്ങള്‍ നല്‍കുന്ന ഡാറ്റ ഐസിപി അവലോകനം ചെയ്യുകയും സാധൂകരിക്കുകയും ചെയ്യും.